വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, മരുന്നുകള്‍; ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക മുറി

September 12, 2023
15
Views

അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക മുറി.

ഹൈദരാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക മുറി.

വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 73 കാരനായ നായിഡുവിന്‍റെ ജീവന് ഭീഷണിയുണ്ടെന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പ്രത്യേക മുറിയൊരുക്കണമെന്ന് രാജമഹേന്ദ്രവാരം സെൻട്രല്‍ ജയില്‍ സൂപ്രണ്ടിനോട് എസിബി കോടതി നിര്‍ദേശിച്ചിരുന്നു.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആളാണ് നായിഡു. നായിഡുവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കാൻ പര്യാപ്തമല്ലെന്ന് വിശ്വസിക്കാൻ കാരണമുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.സെപ്തംബര്‍ 22ന് രാവിലെ 10.30ന് വീണ്ടും നായിഡുവിനെ കോടതിയില്‍ ഹാജരാക്കണമെന്നും ജഡ്ജി നിര്‍ദേശിച്ചിട്ടുണ്ട്. ”ചെയ്യാത്ത കുറ്റത്തിന് തന്‍റെ പിതാവിനെ അന്യായമായി റിമാൻഡിന് അയച്ചുവെന്ന്” മകനും ടിഡിപി ജനറല്‍ സെക്രട്ടറിയുമായ നാരാ ലോകേഷ് ട്വിറ്ററില്‍ കുറിച്ചു. “എന്‍റെ കോപം ജ്വലിക്കുന്നു, എന്‍റെ രക്തം തിളച്ചുമറിയുന്നു. രാഷ്ട്രീയ പകപോക്കലിന്‍റെ ആഴത്തിന് അതിരുകളില്ലേ? തന്‍റെ രാജ്യത്തിനും സംസ്ഥാനത്തിനും തെലുങ്ക് ജനതയ്ക്കും വേണ്ടി ഇത്രയധികം നേട്ടങ്ങള്‍ നേടിയ എന്‍റെ പിതാവ് എന്തിന് അത്തരം അനീതി സഹിക്കണം? ” ലോകേഷ് ചോദിച്ചു.താനും തന്‍റെ പിതാവും ‘പോരാളികള്‍’ ആണെന്ന് ലോകേഷ് പറഞ്ഞു, തന്റെ പോരാട്ടത്തില്‍ തന്നോടൊപ്പം ചേരാൻ ആളുകളോട് ആഹ്വാനം ചെയ്യുകയും ലോകമെമ്ബാടുമുള്ള തെലുങ്ക് ജനതയുടെ പിന്തുണ തേടുകയും ചെയ്തു.

മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി രാഷ്ട്രീയ എതിരാളികളെ ക്രിമിനലുകളാക്കി ജയിലിലടയ്ക്കാൻ ശ്രമിക്കുകയാണെന്ന് ജനസേന പാര്‍ട്ടി അധ്യക്ഷൻ പവൻ കല്യാണ്‍ ആരോപിച്ചു.കോടികളുടെ സ്കില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷൻ അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ ഞായറാഴ്ച രാത്രി വിജയവാഡയിലെ എസിബി കോടതി നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. ശനിയാഴ്ചയാണ് നായിഡു അറസ്റ്റിലായത്.

അതേസമയം നായിഡുവിനെതിരായ അഴിമതി കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് തെലുങ്ക് ദേശം പാര്‍ട്ടി അറിയിച്ചു . ചന്ദ്രബാബു നായിഡുവിനെ വീട്ട് തടങ്കലിലാക്കണമെന്ന അപേക്ഷയില്‍ വിജയവാഡ കോടതി ഇന്നും വാദം കേള്‍ക്കും. ചന്ദ്രബാബു നായിഡുവിന് രാജമുൻഡ്രിയിലെ ജയിലില്‍ സുരക്ഷയില്ലെന്നും നിരവധി ക്രിമിനല്‍ കേസ് പ്രതികള്‍ തടവില്‍ കിടക്കുന്ന ജയിലില്‍ നിന്ന് മാറ്റി വീട്ട് തടങ്കലില്‍ ആക്കണമെന്നും ചന്ദ്രബാബു നായിഡുവിന്‍റെ അഭിഭാഷകൻ സിദ്ധാര്‍ത്ഥ് ലൂത്ര കോടതിയില്‍ വാദിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *