ചന്ദ്രയാൻ മൂന്ന് ചന്ദ്രനില്‍ ഇറങ്ങുന്നതിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്.ഒ.
ബംഗളൂരു: ചന്ദ്രയാൻ മൂന്ന് ചന്ദ്രനില്‍ ഇറങ്ങുന്നതിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്.ഒ.
ചന്ദ്രന്റെ മണ്ണില്‍ കാലുകുത്തുന്നതിന് തൊട്ട് മുമ്ബ് ലാൻഡര്‍ ഇമേജര്‍ കാമറ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. പേടകം ചന്ദ്രനില്‍ ഇറങ്ങിയ ശേഷമുള്ള ആദ്യ ചിത്രവും സോഫ്റ്റ് ലാൻഡിങ്ങിനിടെ പകര്‍ത്തിയ ചിത്രവും കഴിഞ്ഞ ദിവസം ഐ.എസ്.ആര്.ഒ പുറത്തുവിട്ടിരുന്നു.
അതേസമയം, ചന്ദ്രയാൻ 3ലെ റോബോട്ടിക് വാഹനമായ റോവര്‍ പരീക്ഷണത്തിനായി ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ചു തുടങ്ങി. പര്യവേക്ഷണത്തില്‍ റോവര്‍ കണ്ടെത്തുന്ന ഓരോ വിവരങ്ങളും ലാൻഡര്‍ വഴി ചന്ദ്രയാൻ 2ന്റെ ഓര്‍ബിറ്റര്‍ വഴി ബംഗളൂരുവിലെ ഐ.എസ്.ആര്.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വര്ക്കിലെ (ഇസ്ട്രാക്) മിഷൻ ഓപറേഷൻ കോംപ്ലക്സിലേക്ക് (മോക്സ്) കൈമാറും.
ചന്ദ്രന്റെ പ്രതലത്തില്‍ ആറു ഡിഗ്രി ചരിഞ്ഞാണ് ലാൻഡര്‍ നില്‍ക്കുന്നത്. പരീക്ഷണ ഉപകരണങ്ങള്‍ ഉണര്ന്നതായും എല്ലാ പ്രവര്‍ത്തനങ്ങളും പ്രതീക്ഷിച്ച പോലെ പുരോഗമിക്കുകയാണെന്നും ഐ.എസ്.ആര്.ഒ അറിയിച്ചു.
ആഗസ്റ്റ് 23നാണ് ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡര്‍ വിജയകരമായി ചന്ദ്രന്റെ മണ്ണില്‍ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. തുടര്‍ന്ന് നാല് മണിക്കൂറിന് ശേഷമാണ് ലാൻഡറിന്റെ വാതില്‍ തുറന്ന് റോവര്‍ റാംപിലൂടെ ചന്ദ്രന്റെ മണ്ണില്‍ ഇറങ്ങിയത്.