ശീതനിദ്രയില്‍ കഴിയുന്ന ചാന്ദ്രയാൻ 3 ലാൻഡറിനെയും റോവറിനെയും ഉണര്‍ത്താനുള്ള ശ്രമം ആരംഭിച്ചു.
തിരുവനന്തപുരം : ശീതനിദ്രയില്‍ കഴിയുന്ന ചാന്ദ്രയാൻ 3 ലാൻഡറിനെയും റോവറിനെയും ഉണര്‍ത്താനുള്ള ശ്രമം ആരംഭിച്ചു.
വ്യാഴാഴ്‌ച ബംഗളൂരുവിലെ ഐഎസ്‌ആര്‍ഒ കേന്ദ്രമായ ഇസ്‌ട്രാക്കില്‍നിന്ന് കമാൻഡുകള്‍ അയച്ചെങ്കിലും ലാൻഡര്‍ പ്രതികരിച്ചില്ല. നേരിട്ടും ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്റര്‍ വഴിയുമാണ് കമാൻഡ് അയച്ചത്. വെള്ളിയാഴ്‌ചയും ശ്രമം തുടരും. ഭൂമിയില്‍നിന്ന് നല്‍കുന്ന നിര്‍ദേശം സ്വീകരിക്കാനുള്ള സംവിധാനം പ്രവര്‍ത്തന സജ്ജമായിട്ടില്ലെന്നാണ് വിലയിരുത്തല്‍.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ 17 ദിവസമായി അതിശൈത്യത്തില്‍ കഴിഞ്ഞ ഇരുപേടകങ്ങളിലെ ഉപകരണങ്ങള്‍ക്കും മറ്റ് സംവിധാനങ്ങള്‍ക്കും അതിജീവിക്കാൻ കഴിയുമോ എന്ന് സംശയമുണ്ട്. രണ്ടാഴ്‌ച നീണ്ട രാത്രിക്കുശേഷം മേഖലയില്‍ സൂര്യപ്രകാശം പരക്കുന്നതേയുള്ളൂ. പേടകങ്ങളിലെ സൗരോര്‍ജപാനലുകളില്‍ സൂര്യപ്രകാശം പൂര്‍ണതോതില്‍ പതിക്കുകയും ബാറ്ററികള്‍ ചാര്‍ജാവുകയും വേണം. പേടകങ്ങളിലെ താപനിലയും ഉയരണം. രാത്രികാല താപനില മൈനസ് 200 ഡിഗ്രിസെല്‍ഷ്യസുവരെ താഴ്‌ന്നിരുന്നു. കഴിഞ്ഞ നാലിനാണ് ലാൻഡറും റോവറും സ്ലീപ്പ് മോഡിലായത്. ലാൻഡര്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ റോവറുമായുള്ള ആശയവിനിമയം സാധ്യമാകുകയുള്ളൂ.
ചന്ദ്രനെ കുറിച്ച് ഇത് വരെ അറിയാത്ത പല രഹസ്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാന്‍-3. ഉറങ്ങും മുമ്ബ് വിജയകരമായി പൂര്‍ത്തിയാക്കിയ ചാട്ടവും രണ്ടാം ‘സോഫ്റ്റലാന്‍ഡിങ്ങും’ ഇസ്രൊ എഞ്ചിനിയറിംഗിന്റെ മികവിന്റെ സാക്ഷ്യമാണ്.