ചന്ദ്രനില്‍ നിന്ന് മറ്റൊരു നിര്‍ണായക വിവരം കൂടി കൈമാറി വിക്രം ലാൻഡര്‍.
ബംഗളൂരു: ചന്ദ്രനില്‍ നിന്ന് മറ്റൊരു നിര്‍ണായക വിവരം കൂടി കൈമാറി വിക്രം ലാൻഡര്‍. ഉപഗ്രഹത്തില്‍ പ്രകമ്ബനങ്ങള്‍ ഉള്ളതായാണ് ചാന്ദ്രദൗത്യത്തിലെ പുതിയ കണ്ടെത്തല്‍.
ലാൻഡറിലെ ഇല്‍സ എന്ന പേ ലോഡാണ് പ്രകമ്ബനങ്ങള്‍ തിരിച്ചറിഞ്ഞത്. സ്വാഭാവികവും അല്ലാത്തതുമായ ഭൂചലനങ്ങള്‍ മൂലമുണ്ടാകുന്ന പ്രകമ്ബനങ്ങള്‍, ആഘാതം എന്നിവ പഠിക്കാൻ സഹായിക്കുന്ന ഉപകരണമാണ് ചന്ദ്രയാൻ 3ന്റെ ലാൻഡറിന്റെ ഭാഗമായ ‘ഇല്‍സ’. ഓഗസ്റ്റ് 26നാണ് ഇല്‍സ പ്രകമ്ബനം സംബന്ധിച്ച വിവരം ഐഎസ്ആര്‍ഒയ്ക്ക് കൈമാറിയത്.
അതേസമയം ദിനംപ്രതി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിന്നുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍ സാന്നിദ്ധ്യമുള്ളതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. പ്രഗ്യാൻ റോവറിലുള്ള ലേസര്‍ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്ന ഉപകരണം വഴി നടത്തിയ പരീക്ഷണത്തിലാണ് സള്‍ഫര്‍ സാന്നിദ്ധ്യം ഉറപ്പിച്ചത്. സള്‍ഫറിനൊപ്പം അലുമിനിയം, കാല്‍ഷ്യം, ഫെറോസ്, ക്രോമിയം,ടൈറ്റാനിയം, മാംഗനീസ്,സിലിക്കണ്‍, ഓക്സിജൻ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജന്‍ വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതായും എക്സ് പ്ളാറ്റ്ഫോമിലൂടെ ഐഎസ്ആര്‍ഒ അറിയിച്ചു.
സ്വയം വിലയിരുത്തിയും റോവറില്‍ നിന്ന് വിവരങ്ങളും റേഡിയോ തരംഗങ്ങളായി ബംഗളൂരുവില്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് ആന്റിനയിലേക്ക് വിക്രം ലാൻഡര്‍ കൈമാറുന്നുണ്ട്. ഈ വിവരങ്ങള്‍ ബംഗളൂരുവില്‍ തന്നെയുള്ള ഇസ്ട്രാക് കണ്ട്രോള് സ്റ്റേഷനില്‍ പഠനവിശകലനങ്ങള്‍ക്ക് വിധേയമാക്കും. ചന്ദ്രയാൻ 2ന്റെ ഓര്‍ബിറ്ററും നാസ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവരുടെ കേന്ദ്രങ്ങളും ആശയവിനിമയത്തിന് സഹായമായുണ്ട്.