ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്തതും മനുഷ്യന് അറിയാൻ പാടില്ലാത്ത ഒരുപാട് രഹസ്യങ്ങള്‍ ഒളിഞ്ഞുകിടക്കുന്നതുമായ ചന്ദ്രനിലേക്ക് ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3
ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്തതും മനുഷ്യന് അറിയാൻ പാടില്ലാത്ത ഒരുപാട് രഹസ്യങ്ങള്‍ ഒളിഞ്ഞുകിടക്കുന്നതുമായ ചന്ദ്രനിലേക്ക് ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം ആദ്യഘട്ടം വിജയകരമായിരിക്കുകയാണ്.
വിക്ഷേപിച്ച് 22- ാം മിനിറ്റില്‍ ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയിരുന്നു. ഖര ഇന്ധനം ഉപയോഗിച്ചാണ് റോക്കറ്റ് പറന്നുയര്‍ന്നത്. 108.1 സെക്കൻഡില്‍, അതായത് ഏകദേശം 44 കിലോമീറ്റര്‍ ഉയരത്തിലെത്തിയപ്പോള്‍ ദ്രാവക എൻജിൻ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
127 സെക്കൻഡില്‍, റോക്കറ്റ് 62 കിലോമീറ്റര്‍ ഉയരത്തിലെത്തിയപ്പോള്‍ ഖര ഇന്ധന എൻജിനുകള്‍ വേര്‍പെട്ടു. തുടര്‍ന്ന് 114 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയപ്പോള്‍ പ്രൊപ്പല്‍ഷൻ മൊഡ്യൂളിനെ സുരക്ഷിതമാക്കാൻ ഘടിപ്പിച്ചിരിക്കുന്ന താപകവചങ്ങളും വേര്‍പെടുകയും ചെയ്തു. തുടര്‍ന്ന് 305 സെക്കൻഡ് (175 കിലോമീറ്റര്‍ ഉയരം) കഴിഞ്ഞപ്പോള്‍ ദ്രാവക എൻജിനുകള്‍ വേര്‍പെട്ടു. തുടര്‍ന്ന് ക്രയോജനിക് എൻജിനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും. 954 സെക്കൻഡുകള്‍ കഴിഞ്ഞപ്പോള്‍ ഇവ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു.
അതിന് ശേഷമാണ് പിന്നാലെ പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍ – ലാൻഡര്‍ സംയുക്തം വേര്‍പെട്ട് ദീര്‍ഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തിയത്. ഭൂമിയോടടുത്ത് (പെരിജി) 170 കിലോമീറ്ററും അകലെ (അപ്പോജി) 36,500 കിലോമീറ്ററും ദൂരവ്യത്യാസമുള്ളതാണ് ഈ ഭ്രമണപഥം. നേരത്തെ അറിയിച്ചിരുന്നത് പോലെ 2.35ന് തന്നെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നു ചന്ദ്രയാൻ 3 വഹിച്ച് എല്‍വിഎം3 – എം4 റോക്കറ്റ് കുതിച്ചുയര്‍ന്നു. ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 43.5 മീറ്റര്‍ പൊക്കവും 4 മീറ്റര്‍ വിസ്തീര്‍ണവുമുള്ള എല്‍വിഎം3 – എം4 റോക്കറ്റ്.
കൂടുതല്‍ ഇന്ധനവും അത് പോലെ തന്നെ വലിയ ലാൻഡിങ്ങ് സൈറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ച് എങ്ങനെയെങ്കിലും ചന്ദ്രനില്‍ ഇറങ്ങാനുള്ള ശ്രമത്തിലാണ്. ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ 500 x 500 മീറ്റര്‍ ലാൻഡിംഗ് സ്ഥലത്തേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോള്‍ അതിന്റെ വേഗത കുറയ്ക്കാൻ രൂപകല്‍പ്പന ചെയ്ത എഞ്ചിനുകള്‍ക്ക് സംഭവിച്ച് ചെറിയ പിഴവപകളെ കുറിച്ച് ഐഎസ്ആര്‍ഓ ചെയര്മാൻ വിശദീകരിച്ചിരുന്നു.
ചന്ദ്രയാൻ -2 ദൗത്യത്തെ തുടര്‍ന്ന്, ബഹിരാകാശ പര്യവേക്ഷണത്തിലെ രാജ്യത്തിന്റെ മറ്റൊരു സുപ്രധാന ചുവടുവെപ്പിലേക്കാണ് സംഘം പോയത്. മുൻ ദൗത്യം ചന്ദ്രനെ ഭ്രമണം ചെയ്യാൻ കഴിഞ്ഞപ്പോള്‍, വിക്രം ലാൻഡറിന് ലാൻഡിംഗില്‍ വലിയ പ്രതിസന്ധിയാണ് അനുഭവപ്പെട്ടത്. വരാനിരിക്കുന്ന ദൗത്യത്തിന്റെ വിജയസാധ്യതയെക്കുറിച്ച് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ വലിയ ശുഭാപ്തിവിശ്വാസത്തിലാണ്. ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രോപരിതലത്തില്‍ ശ്രദ്ധയോടെ ലാൻഡ് ചെയ്യാനും ഒരു റോബോട്ടിക് റോവര്‍ പ്രവര്‍ത്തിപ്പിക്കാനുമുള്ള സാധ്യതയുമാണ് ലക്ഷ്യം.
ചന്ദ്രയാൻ-2 ദൗത്യത്തില്‍ ഓര്‍ബിറ്റര്‍, വിക്രം ലാൻഡര്‍, പ്രഗ്യാൻ റോവര്‍ എന്നീ ഘടകങ്ങളാണുണ്ടായിരുന്നത്. ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുൻപ് പൊട്ടിത്തെറിച്ചതോടെ ദൗത്യം പരാജയമായി. രണ്ടാമത്തേതില്‍നിന്ന് വ്യത്യസ്തമായി ഇക്കുറി പേടകത്തില്‍ ഓര്‍ബിറ്ററില്ല. പ്രൊപ്പല്‍ഷൻ, ലാൻഡര്‍, റോവര്‍ എന്നീ മൂന്നു ഘടകങ്ങളാണുള്ളത്. പഴുതുകളടച്ച് കൂടുതല്‍ പരിഷ്കാരങ്ങളോടെ കരുത്തുറ്റ ലാൻഡറാണ് നിര്‍മിച്ചിട്ടുള്ളത്.
ഇന്ത്യയിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ ജിഎസ്എല്‍വി മാര്‍ക്ക് 3 ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിള്‍ ഉപയോഗിച്ചാണ് വിക്ഷേപണം നടക്കുന്നത്. 615 കോടി രൂപയാണ് ദൗത്യത്തിന് ഐഎസ്ആര്‍ഒ വകയിരുത്തിയിരിക്കുന്നത്. അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനും വിജയകരമായ ദൗത്യം ഉറപ്പാക്കുന്നതിനുമായി ചന്ദ്രയാൻ-3 കര്‍ശനമായ പരിശോധനകള്‍ക്കും മൂല്യനിര്‍ണ്ണയ പ്രക്രിയകള്‍ക്കും വിധേയമാക്കിയിട്ടുണ്ട് എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.