സോഫ്റ്റ് ലാൻഡിങിനു മുമ്ബുള്ള ചാന്ദ്രയാൻ 3ന്റെ നിര്‍ണായക ചാന്ദ്രപ്രവേശം ശനിയാഴ്ച.
തിരുവനന്തപുരം സോഫ്റ്റ് ലാൻഡിങിനു മുമ്ബുള്ള ചാന്ദ്രയാൻ 3ന്റെ നിര്‍ണായക ചാന്ദ്രപ്രവേശം ശനിയാഴ്ച. അതിവേഗത്തില്‍ പാഞ്ഞെത്തുന്ന പേടകത്തെ നിയന്ത്രിച്ച് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് സുരക്ഷിതമായി കടത്തിവിടുക ഏറെ സങ്കീര്‍ണമാണ്.
വേഗനിയന്ത്രണം പാളിയാല്‍ ഇടിച്ചിറങ്ങുകയോ ചന്ദ്രനും കടന്ന് ലക്ഷ്യം തെറ്റുകയോ ചെയ്യാം. വൈകിട്ട് ഏഴോടെ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ മേഖലയ്ക്ക് സമീപം പേടകം എത്തും. ചന്ദ്രനില്‍നിന്ന് 60, 000 കിലോമീറ്റര്‍ അകലെയാണ് ഈ മേഖല.
വേഗം നിയന്ത്രിക്കുന്നതിനായി ത്രസ്റ്ററുകള്‍ വിപരീത ദിശയില്‍ (ലൂണാര്‍ ഓര്‍ബിറ്റ് ഇൻജക്ഷൻ) ജ്വലിപ്പിക്കും. ഇതിനായി വൈകിട്ട് 7.12ന് ബംഗളൂരുവിലെ ഐഎസ്‌ആര്‍ഒ കേന്ദ്രമായ ഇസ്ട്രാക്കില്‍നിന്ന് കമാൻഡ് അപ്ലിങ്ക് ചെയ്യും. കുറുവിലെ ട്രാക്കിങ് സ്റ്റേഷന്റെ സഹായത്തോടെയാകുമിത്. കമാൻഡ് സ്വീകരിച്ച് ത്രസ്റ്റര്‍ 31 മിനിറ്റ് ജ്വലിക്കും. പേടകത്തിലെ 266 കിലോ ഇന്ധനം ഇതിനായി ഉപയോഗപ്പെടുത്തും. പേടകം 180 ഡിഗ്രി തിരിയും. 7.43 ഓടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പതുക്കെ കടക്കുമെന്നാണ് നിഗമനം. പ്രവര്‍ത്തന വിവരങ്ങള്‍ അപ്പപ്പോള്‍ ഇസ്ട്രാക്കില്‍ അറിയാനാകും. തുടര്‍ന്ന് 172നും 18,058 കിലോമീറ്ററിനും ഇടയിലുള്ള ദീര്‍ഘവൃത്ത പഥത്തില്‍ പേടകം ചന്ദ്രനെ ചുറ്റും. അടുത്ത ദിവസങ്ങളില്‍ പഥം താഴ്ത്തി ചന്ദ്രനിലേക്ക് കൂടുതല്‍ അടുപ്പിക്കും. 23ന് വൈകിട്ട് ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാൻഡിങ് നടക്കും.
14ന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ച പേടകം ചൊവ്വാഴ്ചയാണ് ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ച് നേരെ ചന്ദ്രനിലേക്ക് കുതിച്ചത്. കഴിഞ്ഞ ദിവസം 26 സെക്കൻഡ് ത്രസ്റ്റര്‍ ജ്വലിപ്പിച്ച് പാത തിരുത്തിയിരുന്നു. 3.65 ലക്ഷത്തിലേറെ കിലോമീറ്റര്‍ താണ്ടിയാണ് പേടകം ചാന്ദ്രപഥത്തിലേക്ക് എത്തുന്നത്.