പണം, മദ്യം, ആയുധങ്ങൾ,വസ്ത്രങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ ഇവയ്ക്ക് രേഖകൾ കരുതണം
ലോക്സഭാ ഇലക്ഷൻ പ്രഖ്യാപിച്ചതിനാൽ പോളിംഗ് കഴിയുന്നത് വരെ വാഹനങ്ങളിൽ കൊണ്ടു പോകുന്ന പണം, മദ്യം, ആയുധങ്ങൾ, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ പോലുള്ള സാമഗ്രികൾ എന്നിവ സംബന്ധിച്ച് കർശനമായ പരിശോധന ജില്ലയിൽ ഉടനീളം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. 50,000 രൂപയിൽ കൂടുതലായ പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റു സാമഗ്രികൾ സംബന്ധിച്ച മതിയായ രേഖകൾ എല്ലാ യാത്രക്കാരും കൈവശം കരുതണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
2024 പൊതുതെരഞ്ഞെടുപ്പ്; ഓഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റിഹാളുകൾ ബുക്കിംഗ് വിവരങ്ങൾ അറിയിക്കണം
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർഥിമാരോ അവരുടെ ഏജന്റമാരോ രാഷ്ട്രീയ കക്ഷികളോ ഓഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റിഹാളുകൾ അവരുടെ പരിപാടികൾക്കായി ബുക്ക് ചെയ്യുന്ന പക്ഷം പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം ഉൾപ്പെടുന്ന നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുതലയുള്ള അസ്സിസ്റ്റന്റ് എക്സ്‌പെൻഡിച്ചർ ഒബ്‌സർവറെ (ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന) രേഖാമൂലം അറിയിക്കണം. ഇലക്ഷൻ കാലയളവിൽ ഉള്ള മറ്റ് ബുക്കിംഗ് വിവരങ്ങളും അറിയിക്കണം. വീഴ്ച വരുത്തുന്ന പക്ഷം 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കു വേണ്ടി എക്സ്‌പെൻഡിച്ചർ നോഡൽ ഓഫീസർ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് : സംശയകരമായ പണമിടപാടുകൾ ബാങ്കുകൾ റിപ്പോർട്ട് ചെയ്യണം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ബാങ്കുകളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർക്ക് ദിവസവും റിപ്പോർട്ട് നൽകണമെന്ന് തെരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ മാസങ്ങളായി പ്രത്യേകിച്ച് സജീവമല്ലാത്ത അക്കൗണ്ടുകളിൽ അസ്വാഭാവികമായും സംശയിക്കത്തക്കരീതിയിലും നടക്കുന്ന ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപം /പിൻവലിക്കൽ, ഒരു അക്കൗണ്ടിൽ നിന്ന് ആർടിജിഎസ് വഴി അസ്വാഭാവികമായി ഒരുപാട് അക്കൗണ്ടുകളിലേക്ക് തുക കൈമാറൽ, സ്ഥാനാർഥിയുടെയോ അവരുടെ പങ്കാളിയുടെയോ ആശ്രിതരുടെയോ അക്കൗണ്ടിൽ ഒരു ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിക്കൽ/ പിൻവലിക്കൽ, രാഷ്ട്രീയപാർട്ടിയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിക്കൽ /പിൻവലിക്കൽ, തെരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് സംശയകരമായ പണമിടപാടുകൾ എന്നിവയാണ് ദിവസേനയുളള റിപ്പോർട്ടിൽ വ്യക്തമാക്കേണ്ടതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിക്കുവേണ്ടി ഫിനാൻസ് ഓഫീസർ അറിയിച്ചു.