തമിഴ്നാട്ടില്‍ ചെന്നൈ ഉള്‍പ്പടെ വിവിധ ജില്ലകളില്‍ കനത്ത മഴ
ചെന്നൈ: തമിഴ്നാട്ടില്‍ ചെന്നൈ ഉള്‍പ്പടെ വിവിധ ജില്ലകളില്‍ കനത്ത മഴ. ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണെന്നാണ് വിവരം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 140 മില്ലി മീറ്ററിലധികം മഴയാണ് ഇവിടെ പെയ്തത്. ചെന്നൈയില്‍ 27 വര്‍ഷത്തിനിയെ പെയ്ത റെക്കോര്‍ഡ് മഴയാണ് ഇന്നലത്തേത്. അടുത്ത അഞ്ച് ദിവസം കൂടി മഴ പെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മഴയെത്തുടര്‍ന്ന് ചെന്നൈ ഉള്‍പ്പടെയുള്ള ആ റ് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, വെല്ലൂര്‍, റാണിപ്പേട്ട് എന്നീ ജില്ലകള്‍ക്കാണ് അവധി. 1997ന് ശേഷം തമിഴ്നാട്ടില്‍ ജൂണില്‍ ഇത്ര ശക്തമായി മഴ പെയുന്നത് ആദ്യമായാണ്. ശക്തമായ മഴ കാരണം 10 വിമാനങ്ങള്‍ ബംഗളുരുവിലേക്ക് തിരിച്ചുവിട്ടു. ചെന്നൈയില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുകയാണ്. വിമാനങ്ങള്‍ എപ്പോള്‍ പുറപ്പെടുമെന്ന കാര്യം വ്യക്തമല്ല.
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പെയ്യുന്നത്. ചെന്നൈയിലെ മീനാക്ഷിപുരത്ത് ഇന്ന് പുലര്‍ച്ചെ 5.30 മുതല്‍ 13.7 സെ. മീ മഴയാണ് പെയ്തത്. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. കഴിഞ്ഞ ദിവസം വരെ 40 ഡിഗ്രി ചൂടായിരുന്നു ചെന്നൈ നഗരത്തില്‍. അപ്രതീക്ഷിതമായാണ് ഇത്രയധികം മഴയെത്തിയത്.