പോട്ട സുന്ദരിക്കവലയിലെ ഹോട്ടലില്‍ ചിക്കൻ കറിയില്‍ പുഴുക്കളെ കണ്ടെത്തി.
ചാലക്കുടി (തൃശൂര്‍): പോട്ട സുന്ദരിക്കവലയിലെ ഹോട്ടലില്‍ ചിക്കൻ കറിയില്‍ പുഴുക്കളെ കണ്ടെത്തി. സുന്ദരിക്കവലയില്‍ മേല്‍പാലം ഇറങ്ങിയെത്തുന്നിടത്ത് റോഡരികിലുള്ള പേരെഴുതാത്ത ഹോട്ടലിലാണ് പുഴുവരിച്ച ഇറച്ചിക്കറി നല്‍കിയത്.
ഇത് കഴിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട നാലു വയസ്സുകാരൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കല്ലൂര്‍ സ്വദേശി തളിക്കുളം ജിത്തു ജോസഫും ഭാര്യയും സമീപത്തെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മടങ്ങുമ്ബോഴാണ് കുട്ടിക്ക് വിശന്നപ്പോള്‍ ഹോട്ടലില്‍ കയറിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
വാങ്ങിയ ഉടനെ മണത്തെതുടര്‍ന്ന് സംശയം തോന്നി കടയുടമയുടെ ശ്രദ്ധയില്‍ പെടുത്തിരുന്നു. എന്നാല്‍, ഒരു കുഴപ്പവുമില്ലെന്നും ചിക്കൻ ഞങ്ങള്‍തന്നെ കഴുകി വൃത്തിയാക്കി പാകം ചെയ്തതാണെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. വീട്ടിലെത്തി പാര്‍സല്‍ ഭക്ഷണം കഴിച്ച് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് ബാക്കി ഇറച്ചിക്കറി പരിശോധിച്ചത്. ഇതില്‍ പുഴുക്കളെ കണ്ടെത്തി. ഇതിനിടെ വയറുവേദനയെടുത്ത് കുട്ടി കരയാനും തുടങ്ങി. ദമ്ബതികള്‍ ഇറച്ചി കഴിച്ചിരുന്നില്ല. ഉടൻ കുട്ടിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
പുഴുവരിച്ച ബാക്കി ഇറച്ചിക്കറിയുമായി ഇവരെത്തിയപ്പോള്‍, ഹോട്ടലില്‍ കുറച്ചു ദിവസമായി പെയിന്റിങ് നടക്കുന്നതിനാല്‍ മറ്റൊരാളില്‍നിന്ന് വാങ്ങിയ ഇറച്ചിക്കറിയായിരുന്നെന്ന് മറുപടി നല്‍കി കടയുടമ ഒഴിഞ്ഞുമാറി. ഇതോടെ നേരിയ സംഘര്‍ഷമുണ്ടായി. ദമ്ബതികള്‍ പൊലീസ് സ്റ്റേഷനിലും ആരോഗ്യ വിഭാഗത്തിലും പരാതി നല്‍കി.