തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനമായി.
ന്യൂഡല്‍ഹി > തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനമായി.
സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ മെയ് 20 ശനിയാഴ്ച നടക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു ദിവസത്തോളം നീണ്ടു നിന്ന പ്രതിസന്ധിക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനമായത്. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്.
ഫലം വന്ന് നാല് ദിനം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആശങ്കയിലായിരുന്നു. ടേം വ്യവസ്ഥയില്‍ മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടേക്കും എന്ന സൂചനകളായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ആദ്യം പുറത്തുവന്നത്. ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യയും ശേഷം ഡി.കെ. ശിവകുമാറും എന്നതായിരുന്നു കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടു വെച്ചിരുന്നത്. എന്നാല്‍ ഡി കെ ശിവകുമാര്‍ ഇതിനെ അംഗീകരിച്ചിരുന്നില്ല. രാത്രി വൈകിയും നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിച്ചേക്കും.