മുഖ്യമന്ത്രിയും സംഘവും 17 ന് യുഎഇയിലെത്തും

June 16, 2023
36
Views

ലോക കേരളസഭയുടെ അമേരിക്കൻ റീജിയണല്‍ സമ്മേളനം കഴിഞ്ഞു മുഖ്യമന്ത്രിയും സംഘവും ജൂണ്‍ 17 നു യു എ ഇ യില്‍ എത്തും.

ദുബായ് > ലോക കേരളസഭയുടെ അമേരിക്കൻ റീജിയണല്‍ സമ്മേളനം കഴിഞ്ഞു മുഖ്യമന്ത്രിയും സംഘവും ജൂണ്‍ 17 നു യു എ ഇ യില്‍ എത്തും.

ജൂണ്‍ 18ന് കേരള സര്‍ക്കാരിന്റെ ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫര്‍മേഷൻ ടെക്നോളജി വകുപ്പിനു കീഴില്‍ ദുബായില്‍ സ്റ്റാര്‍ട്ടപ്പ് ഇൻഫിനിറ്റി സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 മണിക്ക് ബിസിനസ് ബേയിലുള്ള താജ് ഹോട്ടലിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

എൻആര്‍ഐ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള സംരംഭകര്‍ക്ക് ഒത്തുചേരാനും നെറ്റ്വര്‍ക്ക് ചെയ്യാനും ആശയങ്ങള്‍ രൂപപ്പെടുത്താനും കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ സ്ഥാപിക്കാനും ഉതകുന്ന വിധത്തില്‍ കേരള സര്‍ക്കാരിന്റെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും ഒരു പ്രധാന പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് ഇൻഫിനിറ്റി സെന്റര്‍. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ലോഞ്ച്പാഡും സഹപ്രവര്‍ത്തക ഇടമായും ഇത് പ്രവര്‍ത്തിക്കും. കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുന്നതിനും സംസ്ഥാനത്തിന്റെ ഐടി പദ്ധതികളിലേക്കുള്ള ഫണ്ടിംഗിന്റെയും നിക്ഷേപത്തിന്റെയും അളവ് വര്‍ദ്ധിപ്പിക്കുന്നതിനും എൻആര്‍ഐ ഫണ്ടിംഗ് നെറ്റ്വര്‍ക്കുകള്‍ സൃഷ്ടിക്കാനും ഇതു വഴി പദ്ധതിയിടുന്നുണ്ട്.

അമേരിക്കയില്‍ സംഘടിപ്പിച്ച ലോക കേരള സഭ റീജിയണല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തുപകരുന്ന ഒട്ടേറെ ചര്‍ച്ചകളാണ് വിവിധ സ്ഥാപനങ്ങളുമായി നടത്തിയത്. അമേരിക്കയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ഫൈസറിന്റെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായി ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടന്നു. ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ് എന്നീ മേഖലകളില്‍ കേരളത്തിലെ ഗവേഷണ സമ്ബത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നും സംഘം ചര്‍ച്ച ചെയ്തു. വരുന്ന സെപ്തംബറിനകം ഫൈസറിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം കേരളം സന്ദര്‍ശിക്കാനും സാധ്യതയുണ്ട്.

ലോകബാങ്ക് മാനേജിംഗ് ഡയറക്ടര്‍ അന്ന ബി യര്‍ദെയുമായി വാഷിങ്ടണില്‍ നടന്ന കൂടിക്കാഴ്ച്ചയുടെ ഭാഗമായി കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളില്‍ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതര്‍ പറയുകയുണ്ടായി. നിലവില്‍ ലോകബാങ്കിന്റെ സഹകരണമുള്ള റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികള്‍ അവലോകനം ചെയ്യുന്നതിനായി ലോകബാങ്ക് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ലോക ബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയത്.

മുഖ്യമന്ത്രിയുടെ ക്യൂബൻ സന്ദര്‍ശനവും ഏറെ ഫലപ്രദമായിരുന്നു. അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങള്‍ കേരളത്തിന്റെ കായികമേഖലയുടെ വളര്‍ച്ചയ്ക്ക് ലഭ്യമാക്കല്‍, വോളിബോള്‍, ജൂഡോ, ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങള്‍ എന്നിവയില്‍ കേരളത്തിലെ കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാൻ ക്യൂബയില്‍ നിന്നുള്ള പരിശീലകരെ കൊണ്ടുവരല്‍, കേരളവും ക്യൂബയും തമ്മില്‍ ഓണ്‍ലൈൻ ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യത തേടല്‍, ക്യൂബയിലേയ്ക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങള്‍ക്കായി അയയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രി ക്യൂബൻ അധികാരികളുമായി ചര്‍ച്ച ചെയ്തു.

ആരോഗ്യ മേഖലയില്‍ കേരളവുമായി സഹകരിക്കാനുള്ള സന്നദ്ധതയും ക്യൂബയിലെ ആരോഗ്യരംത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാധ്യമായി. അന്താരാഷ്ട്ര നിലവാരത്തോടെ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മ്മിക്കുന്നതില്‍ ക്യൂബൻ ബയോടെക്നോളജിയും ഫാര്‍മസ്യൂട്ടിക്കല്‍സും വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഈ രംഗത്തെ സഹകരണം വലിയ മാറ്റങ്ങളാണ് കേരളത്തില്‍ സൃഷ്ടിക്കുക. ആരോഗ്യ- അനുബന്ധ മേഖകളില്‍ ആഗോള പങ്കാളിത്തവും നിക്ഷേപവും സ്വാഗതം ചെയ്ത മുഖ്യമന്ത്രി ബയോക്യൂബഫാര്‍മയുമായി (BioCubaFarma) സഹകരിച്ച്‌ കേരളത്തില്‍ ഒരു വാക്സിൻ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താല്‍പര്യവും അറിയിച്ചു.

ബയോക്യൂബഫാര്‍മ പ്രസിഡന്റ് എഡ്വാര്‍ഡോ മാര്‍ട്ടിനെസ് ഡിയസ്, നാഷണല്‍ സെന്റര്‍ ഫോര്‍ ന്യൂറോ സയൻസസ് (CNEURO) ഡയറക്ടര്‍ ജനറല്‍ ഡോ. മിച്ചല്‍ വാല്‍ഡെസ് സോസ, സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ ഇമ്മ്യൂണോളജി (CIM) ഡയറക്ടര്‍ ജനറല്‍ എഡ്വാര്‍ഡോ ഒജിറ്റോ മാഗസ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ക്യൂബൻ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാലുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായി കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധതയും ക്യൂബൻ പ്രസിഡന്റ് അറിയിച്ചു.

ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടെ സര്‍വകലാശാലകള്‍ തമ്മിലുള്ള സാങ്കേതിക ആശയവിനിമയവും സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടികളുമായി കേരളവുമായി സഹകരിക്കാൻ പറ്റുന്ന മേഖലകളെ സംബന്ധിച്ചും ക്യൂബൻ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രസിഡൻറ് പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന അടുത്ത അവസരത്തില്‍ കേരളം സന്ദര്‍ശിക്കുമെന്നും ക്യൂബൻ പ്രസിഡന്റ് മുഖ്യമന്ത്രിക്ക് വാക്കു നല്‍കി.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *