തിരുവനന്തപുരം: യാത്രാ ക്രമീകരണത്തില്‍ വീണ്ടും മാറ്റം വരുത്തി വിദേശ സന്ദർശനം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് തിരിച്ചെത്തി.
നേരത്തെ അറിയച്ചിരുന്നതിലും ഒരു ദിവസം നേരത്തെയാണ് മുഖ്യമന്ത്രിയുടെ മടങ്ങി വരവ്. പുലർച്ചെ 3.15 നുള്ള വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ സുരക്ഷാ ചുമതലയുള്ള പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്.
നേരത്തെ നിശ്ചയിച്ചതിലും നേരത്തെ വിദേശ സന്ദർശനം പൂർത്തിയാക്കിയാണ് മുഖ്യമന്ത്രിയും കുടുംബവും നാട്ടിലേക്ക് മടങ്ങിയെത്തിയത്. രണ്ട് ദിവസം മുമ്ബാണ് സിംഗപ്പൂർ സന്ദർശനം വെട്ടിക്കുറച്ച് പിണറായി വിജയൻ ദുബായില്‍ എത്തിയിരുന്നു. അതിന് ശേഷം ഓണ്‍ലൈനായി നടന്ന മന്ത്രിസഭാ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ഞായറാഴ്ച്ച ദുബായില്‍ നിന്നും കേരളത്തിലെത്തുമെന്നായിരുന്നു യോഗത്തിലും അദ്ദേഹം അറിയിച്ചിരുന്നത്. ഓഫീസിലും സുരക്ഷാ സംവിധാനങ്ങള്‍ക്കും നല്‍കിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്ച്ചെ തിരിച്ചെത്തിയത്.
സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തില്‍ എത്താറുണ്ട്. എന്നാല്‍ ഇന്ന് പുലര്ച്ചെ വിമാനത്താവളത്തില്‍ ആരും തന്നെ എത്തിയിരുന്നില്ല. ഭാര്യ കമല, മകള് വീണ, ഭര്ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് മകന് വിവേക്, ചെറുമകനും അദ്ദേഹത്തിനൊപ്പം വിദേശ യാത്രയില് പങ്കെടുത്തിരുന്നു. യാതൊരു ഔദ്യേഗിക അറിയിപ്പും കൂടാതെയാണ് മുഖ്യമന്ത്രി വിദേശ സന്ദർശനത്തിന് പോയതെന്നാരോപിച്ച് പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു.