കുഞ്ഞുങ്ങളെ അമിതമായി കുലുക്കുന്നതു മൂലം സംഭവിക്കുന്ന മസ്തിഷ്ക ക്ഷതമായ ‘ഷേക്കണ്‍ ബേബി സിൻഡ്രോം’ (എസ്.ബി.എസ്) ബാധിച്ച കുട്ടികളില്‍ നാലിലൊന്നുപേര്‍ക്കും അകാലമരണം സംഭവിക്കുന്നതായി റിപ്പോര്‍ട്ട്.
അല്‍ഖോബാര്‍: കുഞ്ഞുങ്ങളെ അമിതമായി കുലുക്കുന്നതു മൂലം സംഭവിക്കുന്ന മസ്തിഷ്ക ക്ഷതമായ ‘ഷേക്കണ്‍ ബേബി സിൻഡ്രോം’ (എസ്.ബി.എസ്) ബാധിച്ച കുട്ടികളില്‍ നാലിലൊന്നുപേര്‍ക്കും അകാലമരണം സംഭവിക്കുന്നതായി റിപ്പോര്‍ട്ട്.
രോഗം അതിജീവിച്ചവര്‍ക്ക് സിൻഡ്രോം ബാധിച്ചതിന്റെ ഫലമായി മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരുന്നതായും സൗദിയില്‍ നടന്ന പഠനം ചൂണ്ടിക്കാട്ടുന്നു.
അഞ്ച് സെക്കൻഡ് നീളുന്ന കുലുക്കത്തില്‍നിന്ന് ‘ഷേക്കണ്‍ ബേബി സിൻഡ്രോം’ ഉണ്ടാകാം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് സാധാരണയായി സിൻഡ്രോം സംഭവിക്കുന്നത്. എന്നാല്‍, അഞ്ച് വയസ്സുവരെയുള്ള കുട്ടികളില്‍ ഇത് കാണപ്പെടുന്നു.
കുഞ്ഞുങ്ങള്‍ കരച്ചില്‍ നിര്‍ത്താതെ വരുമ്ബോള്‍ രക്ഷിതാവോ പരിചാരകരോ ദേഷ്യമോ നിരാശയോ മൂലം അവരെ അമിതമായി കുലുക്കുമ്ബോഴാണ് സിൻഡ്രോം സാധാരണയായി സംഭവിക്കുന്നത്. അക്രമാസക്തമായി കുലുക്കുമ്ബോള്‍ കുഞ്ഞുങ്ങളുടെ തലച്ചോര്‍ തലയോട്ടിക്ക് നേരെ അങ്ങോട്ടുമിങ്ങോട്ടും ചലിക്കും.
ഇത് ചതവ്, നീര്‍വീക്കം, മോട്ടോര്‍ വൈകല്യം, അപസ്മാരം, അന്ധത, വാരിയെല്ല് ഒടിവ്, തലയോട്ടിയിലും ഉള്ളിലും രക്തസ്രാവം എന്നീ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ചില കേസുകളില്‍ മരണവും സംഭവിക്കും. കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഗുരുതരമായ പീഡനമായാണ് ഇത് കണക്കാക്കുന്നത്.
കാരണങ്ങളില്ലാതെ കുട്ടിയുടെ നിരന്തരമായ കരച്ചില്‍, പരിഭ്രാന്തി മൂലം കരയുന്ന കുട്ടിയെ രക്ഷിതാക്കള്‍ക്ക് മനസ്സിലാക്കാൻ കഴിയാത്തത്, കുഞ്ഞിനെ ആവര്‍ത്തിച്ച് കുലുക്കുന്നതിന്റെ അപകടത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ അജ്ഞത, മാതാപിതാക്കളുടെ മാനസിക സമ്മര്‍ദം എന്നിവയാണ് പ്രധാനമായും സിൻഡ്രോമിന് കാരണമായി പറയപ്പെടുന്നത്.
കുഞ്ഞുങ്ങളില്‍ ആവര്‍ത്തിച്ചുള്ള ഛര്‍ദി, കരച്ചില്‍, ബലഹീനത, കാഴ്ചക്കുറവ്, ഹൃദയാഘാതം, ബോധക്ഷയം, ഓക്കാനം, മുലയൂട്ടല്‍ നിരസിക്കല്‍, വിശപ്പില്ലായ്മ എന്നിവ എസ്.ബി.എസ് ലക്ഷണങ്ങളാണ്. സിൻഡ്രോം തടയുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ചൈല്‍ഡ് സപ്പോര്‍ട്ട് ലൈൻ 116111ല്‍ ബന്ധപ്പെടാൻ ദേശീയ കുടുംബസുരക്ഷ പരിപാടി അമ്മമാരോടും കുടുംബങ്ങളോടും ആവശ്യപ്പെട്ടു.
അമേരിക്കയില്‍ ഓരോ വര്‍ഷവും 1,000 മുതല്‍ 3,000 വരെ കുട്ടികള്‍ എസ്.ബി.എസ് അനുഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. അമേരിക്കയില്‍ എസ്.ബി.എസ് ഇരകളുടെ ആശുപത്രിയിലെയും തുടര്‍പരിചരണത്തിന്റെയും ചെലവ് ഓരോ വര്‍ഷവും 1.2 മുതല്‍ 1600 കോടി ഡോളര്‍ വരെയാണ്.