കുഞ്ഞിനെ തട്ടിയെടുത്ത കേസ്: പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ

October 28, 2021
234
Views

തിരുവനന്തപുരം: കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകിയെന്ന കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ. അനുപമയുടെ മാതാപിതാക്കൾ അടക്കമുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് പ്രോസിക്യൂഷൻ എതിർപ്പറിയിച്ചത്. കേസിൽ പ്രതികളെ കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യഹർജിയിൽ നവംബർ രണ്ടിന് കോടതി വിധി പറയും.

വ്യാഴാഴ്ച ജാമ്യഹർജി പരിഗണിച്ച തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കുഞ്ഞിനെ തേടി ഒരമ്മ നാടുനീളെ അലയുകയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഗർഭിണിയായ അനുപമയെ കട്ടപ്പനയിലാണ് പ്രതികൾ പാർപ്പിച്ചിരുന്നത്. തെറ്റിദ്ധരിപ്പിച്ച് സമ്മതപത്രവും ഒപ്പിട്ട് വാങ്ങിയിരുന്നു. ഇതുസംബന്ധിച്ചെല്ലാം വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. അതിനാൽ പ്രതികളെ കൂടുതൽ ചോദ്യംചെയ്യണമെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ, കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. അവർ സുരക്ഷിതമായി വളർത്താനാണ് കൈമാറിയത്. ഇതെല്ലാം അനുപമയുടെ സത്യവാങ്മൂലത്തിലുണ്ട്. പഠിക്കാൻ വിട്ട മകൾ ഗർഭിണിയായാണ് തിരിച്ചുവന്നത്. ഈ സാഹചര്യത്തിൽ ഏതൊരു മാതാപിതാക്കളും ചെയ്യുന്നതേ ഇവരും ചെയ്തിട്ടുള്ളൂ. അമിതമായ വാർത്താപ്രാധാന്യം കണക്കിലെടുത്ത് ഹർജിയിൽ വിധി പറയരുതെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

അമ്മ അറിയാതെ കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകിയെന്ന കേസിൽ പേരൂർക്കട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത, സഹോദരി, സഹോദരി ഭർത്താവ് എന്നിവരടക്കം ആറ് പേരാണ് കേസിലെ പ്രതികൾ. കേസിൽ പോലീസ് നടപടി ശക്തമാക്കിയതോടെയാണ് പ്രതികൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *