‘അമ്മക്ക് വീഴ്ച്ചയുണ്ടായി’; രണ്ടരവയസ്സുകാരിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും

February 25, 2022
103
Views

കൊച്ചി: തൃക്കാക്കരയില്‍ ഗുരതരമായി പരിക്കേറ്റ രണ്ടരവയസ്സുകാരിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ ഏറ്റെടുക്കും. കുട്ടിക്ക് സ൦രക്ഷണം ഉറപ്പാക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനം. കുട്ടിയെ വേണമെന്ന അച്ഛന്റെ ആവശ്യം വിശദമായ അന്വേഷണം നടത്തി തീരുമാനിക്കും.

കുട്ടിയുടെ മാതൃസഹോദരിയും മകനും സിഡബ്ല്യുസി സംരക്ഷണത്തിലാണ് നിലവില്‍ കഴിയുന്നത്. കൗൺസിലിംഗ് നല്‍കിയ ശേഷം കുട്ടിയുടെ മൊഴി എടുക്കു൦. രണ്ടര വയസ്സുകാരിക്ക് സംഭവിച്ചത് ഗുരുതര പരിക്കാണ്. അപകട നില തരണം ചെയ്തെങ്കിലും തലച്ചോറിന് സംഭവിച്ച ക്ഷതം കാഴ്ച്ചയെയും സ൦സാര ശേഷിയെയു൦ ബുദ്ധിശക്തിയെയു൦ ബാധിച്ചേക്കും. കുട്ടിക്ക് ഭാവിയിൽ ശാരീരിക മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് സർജന്‍റെ അഭിപ്രായം തേടിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം. കുട്ടിയുടെ പരിക്കുകൾ വീഴ്ച്ച മൂലമുണ്ടായതാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടതോടെയാണ് സ‍ർജന്‍റെ നിലപാടിനായി കാക്കുന്നതെന്ന് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി. കുട്ടിയുടെ പരിക്ക് സംബന്ധിച്ച് ഡോക്ടർമാരും പൊലീസും രണ്ട് തട്ടിലാണ്. കുട്ടിയെ മറ്റൊരാൾ പരിക്കേല്‍പ്പിച്ചിരിക്കാനുള്ള സാധ്യതയാണ് ഡോക്ടർമാർ കാണുന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ആന്‍റണി ടിജിനെയും മാതൃ സഹോദരിയെയും പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ആന്‍റണി ടിജിന്‍, മാതൃസഹോദരി, മകന്‍ എന്നിവരെ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. മൈസൂരിലെ ഹോട്ടലിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് നാട് വിട്ടതെന്നും കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ആന്‍റണി ടിജിന്‍റെ മൊഴി. മാതൃ സഹോദരിയെയും മകനേയും കാക്കനാട്ടെ സ്നേഹിത അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയിൽ നിന്ന് മൊഴിയെടുത്ത ശേഷമാകും കേസിൽ തുടർ നടപടിയെടുക്കുക.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *