പനി ബാധിച്ച്‌ ചികിത്സയിലിരിക്കെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവം; ആശുപത്രിയ്‌ക്കെതിരെ പരാതി

June 19, 2023
43
Views

പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന എട്ട് മാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കുടുംബം.


കോട്ടയം: പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന എട്ട് മാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കുടുംബം.

കോട്ടയം മണര്‍കാട് സ്വദേശിയായ എബിയുടെയും ജോന്‍സിയുടെയും മകന്‍ ജോഷ് എബിയുടെ മരണത്തിലാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിയ്ക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഡോസ് കൂടിയ മരുന്ന് നല്‍കിയ ശേഷം കുഞ്ഞിന്റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതം ഉണ്ടാകാൻ ഇടയാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഇക്കഴിഞ്ഞ മേയ് 11നാണ് കുഞ്ഞിനെ പനി ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോസ്റ്റ് കൊവിഡ് മിസ്കോ കാവസാക്കി രോഗമാകാം കുഞ്ഞിനെന്ന നിഗമനത്തിലായിരുന്നു ചികിത്സ. ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടും രോഗം പൂര്‍ണമായി ഭേദമാകാത്തതിനെ തുടര്‍ന്ന് മേയ് 29ന് രാത്രി ഒമ്ബത് മണിയോടെ കുഞ്ഞിന് ഇന്‍ഫ്ളിക്സിമാബ് എന്ന തീവ്രത കൂടിയ കുത്തിവയ്പ്പ് എടുത്തു. ഈ മരുന്ന് കുത്തിവച്ചാല്‍ ഹൃദയാഘാതം വരാൻ സാദ്ധ്യതയുണ്ടെന്ന് അറിയമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങളൊന്നും കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു.

കുഞ്ഞ് അസാധാരണമായ വിധം ശ്വാസമെടുക്കുന്നത് കണ്ട് മുറിയിലുണ്ടായിരുന്ന ബന്ധുക്കള്‍ ബഹളം വച്ചപ്പോള്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പി ജി ഡോക്ടര്‍മാരും നഴ്സുമാരും കുഞ്ഞിന്‍റെ ആരോഗ്യനില മോശമായെന്നറിഞ്ഞതെന്നും കുടുംബം പറയുന്നു.

ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കുളള മരുന്നുകള്‍ നഴ്സുമാര്‍ നല്‍കാറില്ലെന്നും കൂട്ടിരിപ്പുകാരെ കൊണ്ടാണ് മരുന്നുകള്‍ നല്‍കിയിരുന്നതെന്നുമുളള ആരോപണവും ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കുടുംബം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടിക്ക് ഗുരുതരമായ ഹൃദ്‌രോഗം ഉണ്ടായിരുന്നെന്നും ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഒരു വിധത്തിലുളള ചികിത്സാ പിഴവും ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. ഔദ്യോഗികമായ പരാതിയുണ്ടെങ്കില്‍ വിശദമായ മറുപടി നല്‍കുമെന്നും സൂപ്രണ്ട് അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *