കുട്ടിക്കടത്ത്‌: ഉത്തര്‍പ്രദേശും ബിഹാറും ആന്ധ്രയും മുന്നില്‍

July 31, 2023
34
Views

രാജ്യത്ത്‌ ഏറ്റവുമധികം കുട്ടിക്കടത്ത്‌ നടക്കുന്ന മൂന്നു സംസ്‌ഥാനങ്ങള്‍ ഉത്തര്‍പ്രദേശും ബിഹാറും ആന്ധ്രാപ്രദേശുമാണെന്നു പഠനറിപ്പോര്‍ട്ട്‌.

ന്യൂഡല്‍ഹി: രാജ്യത്ത്‌ ഏറ്റവുമധികം കുട്ടിക്കടത്ത്‌ നടക്കുന്ന മൂന്നു സംസ്‌ഥാനങ്ങള്‍ ഉത്തര്‍പ്രദേശും ബിഹാറും ആന്ധ്രാപ്രദേശുമാണെന്നു പഠനറിപ്പോര്‍ട്ട്‌.

2016 നും 2022 നുമിടയില്‍ ഏറ്റവുമധികം കുട്ടികളെ കടത്തിയത്‌ ഈ സംസ്‌ഥാനങ്ങളാണ്‌. ഡല്‍ഹിയില്‍ കോവിഡിനുശേഷം ഇക്കാര്യത്തില്‍ 68 ശതമാനം വര്‍ധനയുണ്ടായതായും പഠനം വ്യക്‌തമാക്കുന്നു.
ഗെയിംസ്‌ 24 ഇന്റു 7, കൈലാഷ്‌ സത്യാര്‍ഥി ചില്‍ഡ്രന്‍സ്‌ ഫൗണ്ടേഷന്‍ (കെ.എസ്‌.സി.എഫ്‌) എന്നീ സര്‍ക്കാരിതര സംഘടനകള്‍ ചേര്‍ന്നാണു പഠനം നടത്തിയിരിക്കുന്നത്‌. “ഇന്ത്യയിലെ ചൈല്‍ഡ്‌ ട്രാഫിക്കിങ്‌: സ്‌ഥിതിവിവരക്കണക്കുകളുടെ വിശകലനവും ടെക്‌ അധിഷ്‌ഠിത ഇടപെടല്‍നയങ്ങളുടെ ആവശ്യകതയും” എന്ന തലക്കെട്ടിലുള്ള പഠനറിപ്പോര്‍ട്ട്‌ ലോക മനുഷ്യക്കടത്ത്‌ വിരുദ്ധ ദിനത്തോടനുബന്ധിച്ച്‌ ഇന്നലെ പുറത്തിറക്കി. രാജ്യത്തെ കുട്ടിക്കടത്ത്‌ പ്രതിസന്ധിയുടെ വിഷമകരമായ ചിത്രം റിപ്പോര്‍ട്ട്‌ വരച്ചുകാട്ടുന്നു. നെബേല്‍ പുരസ്‌കാരജേതാവ്‌ കൈലാഷ്‌ സത്യാര്‍ഥിയാല്‍ സ്‌ഥാപിതമായതാണ്‌ പഠനം നടത്തിയ സംഘടനകളിലൊന്നായ കെ.എസ്‌.സി.എഫ്‌.
യു.പി, ബിഹാര്‍, ആന്ധ്ര എന്നിവ കുട്ടിക്കടത്തേറിയ സംസ്‌ഥാനമാകുമ്ബോള്‍ ജയ്‌പുര്‍ സിറ്റി ഇക്കാര്യത്തിലെ മുന്‍നിര ജില്ലയാണെന്നു പഠനം സൂചിപ്പിക്കുന്നു. കുട്ടിക്കടത്തില്‍ രാജ്യത്തെ ഹോട്ട്‌സ്‌പോട്ടായി ഇവിടം ഉയര്‍ന്നു. മറ്റു നാല്‌ മുന്‍നിര സ്ലോട്ടുകള്‍ രാജ്യതലസ്‌ഥാനത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. 21 സംസ്‌ഥാനങ്ങളിലെ 262 ജില്ലകളില്‍നിന്നായി ശേഖരിച്ച ഡേറ്റയുടെ അവലോകനം, നിലവിലുള്ള കുട്ടിക്കടത്തു രീതികളുടെ സമഗ്രമായ ഒരു ചിത്രം വരച്ചുകാട്ടന്നു. 2016 മുതല്‍ 2022 വരെയുള്ള ഡേറ്റകളാണ്‌ പഘനസംഘം വിലയിരുത്തിയത്‌. ഈ കാലയളവില്‍ 18 വയസിനു താഴെയുള്ള 13,549 കുട്ടികളെ രക്ഷപ്പെടുത്തി. ഇവരില്‍ 80 ശതമാനവും 13 നും 18 നുമിടയില്‍ പ്രായമുള്ളവരാണ്‌. ഒമ്ബതു മുതല്‍ 12 വരെ വയസുള്ളവര്‍ 13 ശതമാനം വരും. ഒമ്ബത്‌ വയസിനു താഴെയുള്ളവര്‍ രണ്ടു ശതമാനത്തിലധികമുണ്ടെന്നും റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തി. കുട്ടിക്കടത്തിന്റെ വിപത്ത്‌ വിവിധ പ്രായത്തിലുള്ള കുട്ടികളെ ബാധിക്കുന്നുവെന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.
വ്യാപകമായി ബാലവേല നടക്കുന്ന വ്യവസായങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്‌. ഹോട്ടലുകളും ധാബകളും പരമാവധി ബാലവേലക്കാരെ (15.6 ശതമാനം) നിയമിക്കാനാണു താല്‍പ്പര്യം കാട്ടുന്നത്‌്. ഓട്ടോമൊബൈല്‍, ഗതാഗത വ്യവസായത്തിലും (13 ശതമാനം), വസ്‌ത്ര വ്യവസായത്തിലും (11.18 ശതമാനം) ഈ പ്രവണതയുണ്ട്‌്്. സൗന്ദര്യവര്‍ദ്ധക വ്യവസായത്തില്‍ അഞ്ചും എട്ടും വയസുള്ള കുട്ടികള്‍ ഏര്‍പ്പെട്ടിരിക്കുന്നതായും റിപ്പോര്‍ട്ട്‌ പറയുന്നു.
വിവിധ സംസ്‌ഥാനങ്ങളില്‍ കുട്ടിക്കടത്ത്‌ കേസുകള്‍ ഗണ്യമായ വര്‍ധന കാണിക്കുമ്ബോള്‍, അമ്ബരപ്പിക്കുന്ന കണക്കുമായി ഉത്തര്‍പ്രദേശ്‌ വേറിട്ടുനില്‍ക്കുന്നു. 267 സംഭവങ്ങളാണു കോവിഡിനു മുമ്ബ്‌ (2016-2019) ഇവിടെ റിപ്പോര്‍ട്ട്‌ ചെയ്‌തതെങ്കില്‍ അതിനുശേഷം (2021-2022) അത്‌ 1214 ആയി. കുത്തനെയുള്ള ഉയര്‍ച്ചയാണിത്‌. കര്‍ണാടകയില്‍ 18 മടങ്ങാണു വര്‍ധന. റിപ്പോര്‍ട്ട്‌ ചെയ്‌ത കേസുകള്‍ ഇവിടെ ആറില്‍നിന്ന്‌ 110 ആയി ഉയര്‍ന്നു.
കണക്കുകള്‍ ഭയാനകമാണെങ്കിലും കഴിഞ്ഞ ദശകത്തില്‍ സര്‍ക്കാരുകളും നിയമ നിര്‍വഹണ ഏജന്‍സികളും സജീവമായി നിലകൊണ്ടതിന്റെ ഗുണങ്ങളും റിപ്പോര്‍ട്ട്‌ ഉയര്‍ത്തിക്കാട്ടുന്നുണ്ട്‌. ബോധവല്‍ക്കരണ കാമ്ബയിനുകളും ഇടയ്‌ക്കിടെയുള്ള ഇടപെടലുകളും സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാന്‍ ഇടയാക്കി. കടത്തപ്പെടുന്ന കുട്ടികളുടെ എണ്ണം കുറയാനും ഇതു കാരണമായിട്ടുണ്ട്‌. അതേസമയം കുട്ടിക്കടത്തിനെ ഫലപ്രദമായി ചെറുക്കാന്‍ സമഗ്ര മനുഷ്യക്കടത്ത്‌ വിരുദ്ധ നിയമം അടിയന്തര ആവശ്യമാണെന്നും റിപ്പോര്‍ട്ട്‌ ഊന്നിപ്പറയുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *