“നിങ്ങളാരാണ് ചോദ്യം ചെയ്യാൻ”: ക്രിസ്തുമസ് ആഘോഷം തടയാനെത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ വീട്ടില്‍ നിന്ന് പുറത്താക്കി ദളിത് സ്ത്രീകൾ

January 1, 2022
264
Views

ബാംഗളൂർ: ക്രിസ്തുമസ് ആഘോഷം തടയാനെത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ വീട്ടില്‍ നിന്ന് പുറത്താക്കി ദളിത് സ്ത്രീകൾ കര്‍ണാടകയിലെ തുംകൂറില്‍ ബിലിദേവാലയ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച ഗ്രാമത്തിലെ ഒരു വീട്ടില്‍ നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടിയിലേക്കാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. രാമചന്ദ്ര എന്ന ദളിത് യുവാവിന്‍റെ വീട്ടിലേക്കായിരുന്നു സംഘം അതിക്രമിച്ചെത്തിയത്. കുടുംബം ക്രിസ്തുമസ് ആഘോഷിക്കുന്നുവെന്ന വിവരത്തേത്തുടര്‍ന്നായിരുന്നു ഇത്.

ഹിന്ദു കുടുംബത്തില്‍ ക്രിസ്തീയ പ്രാര്‍ത്ഥനകളോടെ ക്രിസ്തുമസ് ആഘോഷം നടക്കുന്നുവെന്ന് ഗ്രാമ പഞ്ചായത്ത് മെമ്പറാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ അറിയിച്ചതെന്നാണ് തുകൂരിലെ ബജ്രംഗ്ദള്‍ നേതാവായ രാമു ബജ്രംഗി പറയുന്നത്. എന്നാല്‍ ശക്തമായ രീതിയില്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടില്‍ നടക്കുന്ന ആഘോഷം തടസപ്പെടുത്തുന്നതിലെ നിയമസാധുത ദളിത് സ്ത്രീകള്‍ ചോദ്യം ചെയ്തതോടെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിരോധത്തിലാവുകയായിരുന്നു.

എന്തിനാണ് ക്രിസ്തുമസ് ആഘോഷിക്കുന്നതെന്ന ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തങ്ങള്‍ ക്രിസ്തുമത വിശ്വാസികളാണെന്ന് മറുപടിയാണ് സ്ത്രീകള്‍ നല്‍കിയത്. എന്നാല്‍ ഇത് മാനിക്കാതെ സിന്ദൂരം ധരിക്കാത്തതിനും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. ഇതോടെ സ്ത്രീകളും രൂക്ഷമായി പ്രതികരിക്കാന്‍ ആരംഭിക്കുകയായിരുന്നു. നിങ്ങളാരാണ് ചോദ്യം ചെയ്യാനെന്നും സ്ത്രീകള്‍ ചോദിക്കാനാരംഭിച്ചതോടെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവിടെ നിന്ന് മടങ്ങുകയായിരുന്നു.

തങ്ങള്‍ക്ക് ഏത് വിശ്വാസം സ്വീകരിക്കാനും ആരോടും പ്രാര്‍ത്ഥിക്കാനും അവകാശമുണ്ടെന്നും സ്ത്രീകള്‍ പറയുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. ഇവിടെ മതപരിവര്‍ത്തന പ്രവര്‍ത്തനം നടക്കുന്നില്ലെന്നും തങ്ങളുടെ ആഗ്രഹമനുസരിച്ചാണ് ക്രിസ്തുമസ് ആഘോഷിക്കുന്നതെന്നും ദളിത് സത്രീകള്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരോട് വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയതെങ്കിലും സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *