കൊച്ചി: സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ സിനിമാ മേഖലയിൽ വീണ്ടും പ്രതിസന്ധി. രണ്ടാം തരംഗത്തിനുശേഷം തുറന്ന തിയേറ്ററുകൾ തിരിച്ചു വരുന്നതിനിടയിലാണ് വീണ്ടും നിയന്ത്രണങ്ങൾ വന്നിരിക്കുന്നത്. മലയാള ചിത്രം ‘കള്ളൻ ഡിസൂസ’മുതൽ ‘ആർ.ആർ.ആർ.’വരെ റിലീസ് മാറ്റിവെച്ചവയിൽ ഉൾപ്പെടുന്നു. കൂടുതൽ സിനിമകൾ റിലീസ് മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ട്.
വെള്ളിയാഴ്ച 450-ഓളം സ്ക്രീനുകളിലായി റിലീസ് ചെയ്ത ‘ഹൃദയം’ ഇതിനകം രണ്ടരക്കോടിയോളം രൂപ നിർമാതാവിനു ഷെയറായി നേടിക്കൊടുത്തിട്ടുണ്ടെന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ പറയുന്നത്. തിയേറ്ററുകളിലേക്ക് ആളുകൾ എത്തുന്നതിന്റെ തെളിവാണിതെന്നും അവർ പറയുന്നു.
കൊറോണയുടെ പേരിൽ തിയേറ്ററുകൾ വീണ്ടും അടച്ചിടാൻ സർക്കാർ നിർദേശിച്ചാൽ ശക്തമായി പോരാടാനാണ് ‘ഫിയോകി’ന്റെ തീരുമാനം. പൊതു ഇടങ്ങളിലും മാളുകളിലും ബസുകളിലും ട്രെയിനുകളിലുമൊക്കെ ആളുകൾ കൂടുന്നതിനെപ്പറ്റി ഒന്നും പറയാത്ത സർക്കാർ സിനിമാതിയേറ്ററുകളെ മാത്രം അടച്ചിടൽ വിഭാഗത്തിലേക്കു കൊണ്ടുവരുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് അവരുടെ നിലപാട്.
സർക്കാർ അങ്ങനെയൊരു തീരുമാനമെടുത്താൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.