മുംബൈ | വിമാനത്താവളത്തില്‍വെച്ച് കൃത്രിമകാല്‍ ഊരി പരിശോധിച്ചതില്‍ നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രനോട് മാപ്പു പറഞ്ഞ് സി ഐ എസ് എഫ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സുധാചന്ദ്രന്‍ സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
സുധ ചന്ദ്രനുണ്ടായ വിഷമത്തിനും ബുദ്ധിമുട്ടിനും ക്ഷമ ചോദിക്കുന്നതായി അറിയിച്ച സി ഐ എസ് എഫ്‌അസാധാരണമായ സാഹചര്യത്തില്‍ മാത്രമേ കൃത്രിമകാല്‍ അഴിപ്പിച്ച് പരിശോധിക്കേണ്ടതുള്ളൂവെന്ന് വ്യക്തമാക്കി. എന്തുകൊണ്ടാണ് സുധ ചന്ദ്രന് ഇത്തരത്തിലൊരു അവസ്ഥ നേരിടേണ്ടി വന്നതെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും ഇവര്‍ അറിയിച്ചു. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി എപ്പോഴും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുമ്ബോഴുണ്ടാകുന്ന ബുദ്ധിമുട്ടിനെ കുറിച്ചായിരുന്നു സുധ ചന്ദ്രന്‍ തന്റെ വീഡിയോയിലൂടെ പറഞ്ഞത്.
ഇത്തരം പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കണമെന്നും അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോയിലൂടെ അഭ്യര്‍ഥിച്ചിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്ബോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നുമായിരുന്നു സുധയുടെ ആവശ്യം.