ഏക സിവില്‍ കോഡ്‌ ; നിലപാടില്ലാതെ കോണ്‍ഗ്രസ് 

July 2, 2023
18
Views

രാജ്യത്ത് ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തെ തുറന്നെതിര്‍ക്കാതെ കോണ്‍ഗ്രസ്.

ന്യൂഡല്‍ഹി രാജ്യത്ത് ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തെ തുറന്നെതിര്‍ക്കാതെ കോണ്‍ഗ്രസ്.

അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍ രംഗത്തെത്തിയതോടെ ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായി. ഓരോ സംസ്ഥാനത്തെയും നേതാക്കള്‍ പരസ്പര വിരുദ്ധമായി അഭിപ്രായം പറയുമ്ബോഴും ദേശീയ നേതൃത്വത്തിന് നിലപാട് വ്യക്തമാക്കാനാകുന്നില്ല.

ഹിമാചലില്‍ മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനും സംസ്ഥാനമന്ത്രിയുമായ വിക്രമാദിത്യ സിങ് ഏക സിവില്‍ കോഡിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തുവന്നു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏക സിവില്‍ കോഡ് അനിവാര്യമാണെന്ന് വിക്രമാദിത്യ സിങ് ട്വിറ്ററില്‍ കുറിച്ചു. മഹാരാഷ്ട്രയില്‍ ഏക സിവില്‍ കോഡിനെക്കുറിച്ച്‌ പഠിക്കാൻ പിസിസി പ്രത്യേക സമിതിക്ക് രൂപം നല്‍കി. ഏക സിവില്‍ കോഡ് വിഷയത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് ഒമ്ബതംഗ സമിതിയെ വച്ചതെന്ന് പിസിസി പ്രസിഡന്റ് നാനാ പഠോളെ പറഞ്ഞു.

അതേസമയം ശനിയാഴ്ച സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം നിലപാട് എടുക്കാതെ പിരിഞ്ഞു. ഏക സിവില്‍ കോഡ് വിഷയത്തില്‍ ജൂണ്‍ 15ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ കൂടുതലായി ഒന്നും പറയാനില്ലെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം തലവൻ ജയ്റാം രമേശ് യോഗശേഷം പറഞ്ഞു. മോദി സര്‍ക്കാരിന്റെ ഏക സിവില്‍ കോഡ് നീക്കം ധ്രുവീകരണവും മറ്റു വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കലും ലക്ഷ്യമിട്ടാണെന്ന് മാത്രമാണ് ജൂണ്‍ 15ന് കോണ്‍ഗ്രസ് പ്രസ്താവിച്ചത്.

കഴിഞ്ഞ രണ്ട് ലോക്സഭാ തോല്‍വിയോടെ മൃദുഹിന്ദുത്വ സമീപനം തീവ്രമാക്കിയ കോണ്‍ഗ്രസ് നേതൃത്വം ഏക സിവില്‍ കോഡ് വിഷയത്തില്‍ പല തട്ടിലാണ്. പി ചിദംബരം, മനീഷ് തിവാരി തുടങ്ങിയ നേതാക്കള്‍ ഏക സിവില്‍ കോഡ് നീക്കത്തെ ശക്തമായി അപലപിച്ചിരുന്നു. എന്നാല്‍, മല്ലികാര്‍ജുൻ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയുമടക്കം മറ്റ് മുതിര്‍ന്ന നേതാക്കളെല്ലാം മൗനത്തിലാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *