ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള സുപ്രധാന നീക്കവുമായി ആസാമിലെ ബിജെപി സർക്കാരും.
ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള സുപ്രധാന നീക്കവുമായി ആസാമിലെ ബിജെപി സർക്കാരും. ഇതിന്റെ ആദ്യ പടിയെന്നോണം 1935 ലെ അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കാൻ അസം മന്ത്രിസഭ വെള്ളിയാഴ്ച തീരുമാനിച്ചു.
വെള്ളിയാഴ്ച്ച അർദ്ധരാത്രിയോടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
വർഷങ്ങളുടെ പഴക്കമുള്ള അസം മുസ്ലീം വിവാഹങ്ങള്‍ & വിവാഹമോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കാൻ മന്ത്രിസഭ സുപ്രധാന തീരുമാനമെടുത്തുവെന്നും നിയമപ്രകാരം വധൂവരന്മാർ 18-ഉം 21-ഉം വയസ്സില്‍ എത്തിയിട്ടില്ലെങ്കില്‍ പോലും വിവാഹ രജിസ്ട്രേഷൻ അനുവദിക്കുന്ന വ്യവസ്ഥകള്‍ ഈ നിയമത്തില്‍ അടങ്ങിയിരിക്കുന്നുവെന്നും ഹിമന്ത പറഞ്ഞു. അസമില്‍ ശൈശവ വിവാഹം നിരോധിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കമെന്നും അസം മുഖ്യമന്ത്രി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. 2011 ലെ സെൻസസ് പ്രകാരം, അസമിലെ ജനസംഖ്യയുടെ 34% മുസ്ലീങ്ങളാണ്, മൊത്തം ജനസംഖ്യ 3.12 കോടിയില്‍ 1.06 കോടിയാണ്.
“കൊളോണിയല്‍ ആക്റ്റ്” എന്ന് വിളിക്കുന്നത് നിർത്തലാക്കാനുള്ള അസം ക്യാബിനറ്റ് തീരുമാനം യൂണിഫോം സിവില്‍ കോഡിലേക്കുള്ള യാത്രയിലെ വളരെ പ്രധാനപ്പെട്ട ചുവടുവയ്പാണെന്ന് മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.“1935 ലെ അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമതതിന്റെ അടിസ്ഥാനത്തില്‍ 94 മുസ്ലീം രജിസ്ട്രാർമാർ സംസ്ഥാനത്ത് മുസ്ലീം വിവാഹങ്ങളുടെ രജിസ്ട്രേഷനും വിവാഹമോചനവും ചെയ്തുവരുന്നു, ഇതാണ് ഇപ്പോള്‍ റദ്ദാക്കപ്പെടുന്നത്. ഇന്നത്തെ കാബിനറ്റ് യോഗം ഈ നിയമം നീക്കം ചെയ്തതിന്റെ ഫലമായി, ഈ നിയമത്തിലൂടെ മുസ്ലീം വിവാഹ രജിസ്ട്രേഷനോ വിവാഹമോചന രജിസ്ട്രേഷനോ നടക്കില്ല. ഞങ്ങള്‍ക്ക് ഒരു സ്പെഷ്യല്‍ മാര്യേജ് ആക്‌ട് ഉണ്ട്, അതിനാല്‍ എല്ലാ വിവാഹങ്ങളും സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം നടക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
“അത്തരം രജിസ്ട്രേഷനായി അപേക്ഷിച്ചാല്‍, നിശ്ചിത പരിധിക്കുള്ളില്‍ നടപ്പിലാക്കിയിട്ടുള്ള” മുസ്ലീം വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്യുന്നതിനായി മുസ്ലീമായ ഏതൊരു വ്യക്തിക്കും ലൈസൻസ് നല്‍കാൻ ഈ നിയമം സംസ്ഥാന സർക്കാരിനെ അധികാരപ്പെടുത്തിയിരുന്നു. അത്തരം രജിസ്ട്രാർമാരുടെ വ്യാപ്തിയും ഉത്തരവാദിത്വങ്ങളും ഇത് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനെ “കൊളോണിയല്‍ ആക്റ്റ്” എന്നും “ഇന്നത്തെ സമൂഹത്തിന് യോജിച്ചതല്ല” എന്നും വിശേഷിപ്പിച്ച ബറുവ, ശൈശവ വിവാഹത്തിനെതിരായ സംസ്ഥാന ഗവണ്‍മെന്റിന്റെ അടിച്ചമർത്തലുമായി ഈ തീരുമാനത്തെ ബന്ധിപ്പിച്ചു, അതിന്റെ ഭാഗമായി 4,000-ത്തിലധികം ആളുകള്‍ അറസ്റ്റിലായി.
“ഇത് (അസാധുവാക്കപ്പെട്ട നിയമം) വഴി പ്രായപൂർത്തിയാകാത്ത വിവാഹങ്ങള്‍ രജിസ്റ്റർ ചെയ്യപ്പെടുന്നതായാണ് കണ്ടുവരുന്നത്. 21 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെയും 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെയും വിവാഹമാണ് അത് വഴി നടന്നുവന്നിരുന്നത്. അതിനാല്‍ ശൈശവവിവാഹം പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നതിലേക്കുള്ള വലിയ ചുവടുവയ്പാണിത്,” അദ്ദേഹം പറഞ്ഞു.