വിദ്യാർഥികളില്‍ ആത്മഹത്യയടക്കം പെരുകുന്ന സാഹചര്യത്തില്‍ സ്വകാര്യ പ്രവേശന പരീക്ഷ പരിശീലന സ്ഥാപനങ്ങള്‍ക്ക് കർശന മാർഗനിർദേശവുമായി കേന്ദ്ര സർക്കാർ.
ന്യൂഡല്‍ഹി: വിദ്യാർഥികളില്‍ ആത്മഹത്യയടക്കം പെരുകുന്ന സാഹചര്യത്തില്‍ സ്വകാര്യ പ്രവേശന പരീക്ഷ പരിശീലന സ്ഥാപനങ്ങള്‍ക്ക് കർശന മാർഗനിർദേശവുമായി കേന്ദ്ര സർക്കാർ.
16 വയസ്സിനു താഴെയുള്ള വിദ്യാർഥികള്‍ക്ക് പ്രവേശനം നല്‍കരുത്. തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനം നല്‍കരുത്. റാങ്കോ മികച്ച മാർക്കോ ഉറപ്പുകൊടുക്കരുതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളില്‍ വ്യക്തമാക്കുന്നു. സെക്കൻഡറി സ്കൂള്‍ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് മാത്രമാകണം പ്രവേശനം. ഇത്തരം കോച്ചിങ് കേന്ദ്രങ്ങളുടെ അനിയന്ത്രിതമായ വളർച്ചക്ക് കടിഞ്ഞാണിടാനുള്ള ചട്ടക്കൂടിനും രൂപം നല്കി. ന്യായമായ ട്യൂഷൻ ഫീസ് വാങ്ങണമെന്നും കൃത്യമായി രസീത് നല്‍കണമെന്നും സർക്കാർ നിർദേശിക്കുന്നു. മുഴുവൻ ഫീസടച്ചശേഷം പരിശീലനം പൂർത്തിയാക്കാതെ മടങ്ങിയാല്‍ നിശ്ചിത അനുപാതം ട്യൂഷൻ ഫീസും ഹോസ്റ്റല്‍ ഫീസും മെസ് ഫീസും പത്ത് ദിവസത്തിനകം മടക്കി നല്‍കണമെന്ന കർശന വ്യവസ്ഥയുമുണ്ട്. വിദ്യാർഥികളുടെ ആത്മഹത്യയിലേക്ക് നയിക്കുന്ന സമ്മർദത്തിന് കാരണമായ അമിത ഫീസ് ഈടാക്കുന്നവരില്‍ നിന്ന് ലക്ഷം രൂപവരെ പിഴയീടാക്കുകയോ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയോ ചെയ്യണമെന്ന് കേന്ദ്രം നിർദേശിച്ചു. ആത്മഹത്യകള്‍ക്കു പുറമെ തീപിടിത്ത സംഭവങ്ങള്‍, പരിശീലന സ്ഥാപനങ്ങളിലെ സൗകര്യക്കുറവ്, അധ്യാപനം എന്നിവയെക്കുറിച്ച് ലഭിച്ച പരാതികളെ തുടർന്നാണ് സർക്കാർ ഇടപെടല്‍.
കുറഞ്ഞത് ബിരുദമെങ്കിലും യോഗ്യതയുള്ള ട്യൂട്ടർമാരെ മാത്രമേ സ്വകാര്യ പ്രവേശന പരീക്ഷ പരിശീലന സ്ഥാപനങ്ങളില്‍ നിയമിക്കാൻ പാടുള്ളൂ. പരിശീലനത്തിന്റെ മികവ്, സ്ഥാപനത്തിലെ സൗകര്യം, മുൻ വർഷങ്ങളിലെ ഫലം എന്നിവയുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിക്കാൻ പാടില്ല. അധാർമിക വിഷയങ്ങളിലടക്കം ശിക്ഷിക്കപ്പെട്ട അധ്യാപകനെയോ മറ്റു ജീവനക്കാരെയോ നിയമിക്കാനാവില്ല. കുട്ടികളുടെ മാനസികാരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കാൻ കൗണ്‍സലിങ് സംവിധാനമുള്ള സ്ഥാപനത്തിനേ രജിസ്ട്രേഷൻ ലഭിക്കുകയുള്ളൂ. വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എളുപ്പത്തില്‍ കൗണ്‍സലിങ് ലഭ്യമാകുമെന്ന് ഉറപ്പാക്കണം.
ട്യൂട്ടർമാരുടെ യോഗ്യത, കോഴ്സുകള്‍, പാഠ്യപദ്ധതി, പൂർത്തിയാക്കുന്ന കാലയളവ്, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, ഈടാക്കുന്ന ഫീസ് എന്നിവയുടെ പുതുക്കിയ വിശദാംശങ്ങളുള്ള വെബ്സൈറ്റ് വേണമന്നും മാർഗനിർദേശത്തില്‍ പറയുന്നു. കടുത്ത മത്സരവും അക്കാദമിക സമ്മർദവും നേരിടുന്ന വിദ്യാർഥികളുടെ മാനസിക ക്ഷേമത്തിനായി നടപടി വേണം. അനാവശ്യ സമ്മർദം ചെലുത്താതെ ക്ലാസുകള്‍ നടത്താനും നിർദേശമുണ്ട്. പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഇവരെക്കുറിച്ച് അന്വേഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.