ഇലക്‌ട്രിക് കാറിന് മൈലേജില്ല, ബാറ്ററി തുടര്‍ച്ചയായി മാറി; കാറിന്റെ വില നല്‍കണമെന്ന് ഉപഭോക്തൃ കമ്മിഷന്‍

February 18, 2024
0
Views

ഇലക്‌ട്രിക് നെക്സോണ്‍ കാറിന് കമ്ബനി വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കാതിരിക്കുകയും ബാറ്ററി തുടര്‍ച്ചയായി കേടാവുകയും ചെയ്തുവെന്നു കാട്ടി വൈക്കം സ്വദേശി നല്‍കിയ പരാതി

കോട്ടയം: ഇലക്‌ട്രിക് നെക്സോണ്‍ കാറിന് കമ്ബനി വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കാതിരിക്കുകയും ബാറ്ററി തുടര്‍ച്ചയായി കേടാവുകയും ചെയ്തുവെന്നു കാട്ടി വൈക്കം സ്വദേശി നല്‍കിയ പരാതിയില്‍ കാറിന്റെ വിലയും ഒരുലക്ഷം രൂപയും ടാറ്റാ മേട്ടോഴ്സ് നഷ്ടപരിഹാരമായി നല്‍കാന്‍ കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്.

വൈക്കം ആറ്റുമംഗലം സ്വദേശിയായ ജോബി വര്‍ഗീസിന്റെ പരാതിയില്‍ ആണ് 16,85,950/ രൂപയും നഷ്ടപരിഹാരമായി 1,00,000/ രൂപയും ടാറ്റാ മോട്ടോഴ്സസ് പരാതിക്കാരന് നല്‍കണമെന്നു വി.എസ് മനുലാല്‍ പ്രസിഡന്റും ആര്‍.ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടത്.

2021 ഡിസംബറില്‍ ജോബി കോട്ടയം കോടിമതയില്‍ പ്രവര്‍ത്തിക്കുന്ന എം.കെ. മോട്ടോഴ്സില്‍ നിന്ന് ഇന്‍ഷുറന്‍സ് പ്രീമിയം ഉള്‍പ്പടെ 18,64,682/ രൂപ നല്‍കി ടാറ്റാ നെക്സോണ്‍ ഇ.വി. എക്സ്് സെഡ് എന്ന എന്ന ഇലക്‌ട്രിക് കാര്‍ വാങ്ങി. കാറിന് ഒറ്റചാര്‍ജില്‍ 310 കിലോമീറ്റര്‍ മൈലേജ് ആണ് മാധ്യമപരസ്യങ്ങളില്‍ കമ്ബനി വാഗ്ദാനം നല്‍കിയിരുന്നത്.

വാഹനം വാങ്ങി ഏഴുമാസത്തിനകം 1571 കിലോമീറ്റര്‍ ഓടുന്നതിനിടയില്‍ മൂന്നുപ്രാവശ്യം ബാറ്ററി തകരാറിലായതിനെത്തുടര്‍ന്നു ബാറ്ററി മൂന്നുതവണ മാറ്റിവച്ചുവെന്നു പരാതിയില്‍ പറഞ്ഞു. ഇലക്‌ട്രിക് കാറിന്റെ പ്രധാനഭാഗമായ ബാറ്ററി തകരാറായി ബ്രേക്ഡൗണ്‍ ആകുന്നത് നിര്‍മാണത്തിലെ അപാകതയാണ്. അതോടൊപ്പം തന്നെ ബാറ്ററിക്ക് വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കുന്നില്ലായെന്നും കമ്മിഷന്‍ കണ്ടെത്തി.

പുതിയ വാഹനം തുടര്‍ച്ചയായി ബ്രേക്ഡൗണ്‍ ആയി വഴിയില്‍കിടക്കുന്നതും അതു പരിഹരിക്കാന്‍ നിരന്തരം വര്‍ക്ഷോപ്പില്‍ പോകുന്നതും വാഹന ഉടമയ്ക്ക് ശാരീരികവും മാനസികവും സാമ്ബത്തികമായും കഷ്ടനഷ്ടങ്ങള്‍ ഉണ്ടാക്കുന്നുവെന്നും കമ്മിഷന്‍ വിലയിരുത്തി.

വാഹനനിര്‍മാതാക്കള്‍ ബാറ്ററിക്ക് നല്‍കുന്ന വാറന്റി 1,60,000 കി.മീ. ആണ്. ഈ കാലയളവിനുള്ളില്‍ തുടര്‍ച്ചയായി വാഹനം കേടാകുന്നത് നിര്‍മ്മാണത്തിലെ അപാകതയാണെന്നും കണ്ടെത്തിയ കമ്മീഷന്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *