മധ്യപ്രദേശില്‍ 230ല്‍ 136 സീറ്റിലേക്കും ഛത്തീസ്ഗഢില്‍ 90ല്‍ 85 സീറ്റിലേക്കും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് പട്ടിക എന്ന് പുറത്തുവരുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.
ന്യൂഡല്‍ഹി മധ്യപ്രദേശില്‍ 230ല്‍ 136 സീറ്റിലേക്കും ഛത്തീസ്ഗഢില്‍ 90ല്‍ 85 സീറ്റിലേക്കും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് പട്ടിക എന്ന് പുറത്തുവരുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.
മധ്യപ്രദേശില്‍ ‘പിതൃപക്ഷ’ത്തിനുശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് മുൻമുഖ്യമന്ത്രി കമല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഛത്തീസ്ഗഢില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിനായി വ്യാഴാഴ്ച കോണ്‍ഗ്രസിന്റെ കേന്ദ്രതെരഞ്ഞെടുപ്പ് സമിതി ചേരുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കുമാരി ഷെല്‍ജ അറിയിച്ചു.
ഹൈന്ദവ വിശ്വാസികള്‍ മരിച്ചവര്‍ക്ക് ബലിയിടുന്ന പിതൃപക്ഷം സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെയാണ്. അതുകൊണ്ടുതന്നെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഈയാഴ്ചയുണ്ടാകില്ലെന്ന് തീര്‍ച്ചയായി. നവംബര്‍ 17നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്. ബിജെപി സ്ഥാനാര്‍ഥികള്‍ 136 മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. പട്ടിക വൈകുന്നതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഒരു മാസംപോലും പ്രചാരണത്തിന് ലഭിക്കാത്ത സ്ഥിതിയുണ്ടാകും.
രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക അനിശ്ചിതത്വത്തിലാണ്. തെലങ്കാനയില്‍ സ്ഥാനാര്‍ഥിനിര്‍ണയ പ്രക്രിയയിലേക്കുപോലും കടന്നിട്ടില്ല. ഒക്ടോബര്‍ 23ന് യോഗം ചേരാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇത് നേരത്തെയാക്കാനും സാധ്യതയുണ്ട്. ഭരണകക്ഷിയായ ബിആര്‍എസ് ആകെയുള്ള 119ല്‍ 115 സീറ്റിലും ആഗസ്ത് 21നുതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
രാജസ്ഥാനില്‍ ബിജെപി കഴിഞ്ഞ ദിവസം 41 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു. കോണ്‍ഗ്രസിലാകട്ടെ ഗെലോട്ട് പക്ഷവും പൈലറ്റ് പക്ഷവും സ്വന്തക്കാര്‍ക്ക് പരമാവധി സീറ്റ് നേടിയെടുക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥി നിര്‍ണയം കേന്ദ്രനേതൃത്വത്തിന് വലിയ തലവേദനയാകും.