തിരുവനന്തപുരം: കണ്‍സ്യൂമർ ഫെഡിന്‍റെ പ്രവർത്തനങ്ങളില്‍ സഹകരണ വകുപ്പ് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. ആറ് വർഷമായി ഓഡിറ്റിംഗ് നടന്നിട്ടില്ലെന്നത് ഉല്‍പ്പെടെ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.
സാധനങ്ങള്‍ വില്‍പ്പന നടത്തിയതിന്‍റെയും വാങ്ങിയതിന്‍റെയും കണക്കുകളില്‍ കണ്‍സ്യൂമർഫെഡിന് പറുപടിയില്ല. 2016 മുതല്‍ സ്ഥാപനത്തില്‍ ഓഡിറ്റിംഗ് നടന്നിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
എല്ലാ കരാറുകളും അതാത് സ്ഥലങ്ങളില്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരിലാണ്. ബാധ്യത വന്നാലും ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഉത്തരവാദിത്തം. ഉത്സവകാലങ്ങളില്‍ സഹകരണ സംഘങ്ങള്‍ നടത്തുന്ന വിപണികളിലുടെ അനർഹർമായവർ സബ്സിഡി ആനൂകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.
2018 ലെ ഫിനാൻസ് ആക്‌ട് പ്രകാരം മുദ്ര പത്രത്തിന്‍റെ മൂല്യം കരാർ തുകയുടെ 0.1 ശതമാനം ആയിരക്കണം. ഇത് മറികടന്ന് കരാര്‍ എഴുതിയത് മുഴുവൻ 200 രൂപ വിലവരുന്ന മുദ്രപത്രത്തിലാണ്. ലക്ഷങ്ങളുടെ ബാധ്യതയാണ് ഇത് വഴി മാത്രം ഉണ്ടായിട്ടുള്ളത്.
ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാനാണ് സഹകരണ സംഘം രജിസ്റ്റാർ, ഓഡിറ്റ് ഡയറക്ടർ, കണ്‍സ്യൂമർ ഫെഡ് മാനേജിംഗ് ഡയറക്ടർ എന്നിവർക്ക് സഹകരണ വകുപ്പ് നല്‍കിയിരിക്കുന്ന നിർദേശം.