കൊറോണ ഭേദമായ ശേഷം ഫൈസർ, മോഡേണ വാക്‌സിൻ എടുത്തവർക്ക് അസാധാരണ പ്രതിരോധ ശേഷിയെന്ന് പഠനം

September 8, 2021
225
Views

ലണ്ടൻ: പുതിയ കൊറോണ വകഭേദങ്ങള്‍ പ്രതിരോധ വാക്‌സിനുകളെ അതിജീവിക്കാന്‍ പര്യാപ്തമെങ്കിലും വാക്‌സിന്‍ എടുക്കുന്നത് രോഗം തീവ്രമാകാതിരിക്കാന്‍ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന ഒരു പഠനം ഏറെ ശ്രദ്ധേയമാണ്.

കൊറോണ വന്ന് ഭേദമായ ശേഷമാണ് ഫൈസറിന്റെയോ മോഡേണയുടെ വാക്‌സിന്റെ രണ്ടു ഡോസുകള്‍ എടുക്കുന്നത് എങ്കില്‍ അഭൂതപൂര്‍വ്വമായ പ്രതിരോധശേഷി കൈവരിക്കാന്‍ ആകുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ഇത്തരത്തില്‍ കൊറോണ ഭേദമായതിനു ശേഷം വാക്‌സിന്‍ എടുക്കുന്നവരില്‍ അസാധാരണമായ പ്രതിരോധ ശേഷി ഉണ്ടാകുമെന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്.

ഇവരുടെ ശരീരത്തില്‍ സാധാരണയില്‍ വളരെ അധികം ആന്റിബോഡികള്‍ രൂപം കൊള്ളുകയും അതുവഴി കൊറോണയുടെ വിവിധ വകഭേദങ്ങളെ ചെറുക്കുവാനുള്ള ശേഷി ശരീരം കൈവരിക്കുകയും ചെയ്യുമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ചില മാസങ്ങളിലായി ഈ വിഷയത്തില്‍ നടന്ന ഒന്നിലധികം പഠനങ്ങള്‍ സ്ഥിരീകരിക്കുന്ന കാര്യമാണിത്.

ഒരു പഠനത്തില്‍ വ്യക്തമായത്, ഇത്തരത്തിലുള്ളവര്‍ക്ക് നിലവില്‍ ആശങ്കയുളവാക്കുന്ന വകഭേദങ്ങളുടെ ലിസ്റ്റില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിട്ടുള്ള ഇനങ്ങളേയും, മനുഷ്യരില്‍ കാണാത്ത കൊറോണ വൈറസുകളേയും അതുപോലെ ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ള വകഭേദങ്ങളേയും ചെറുക്കുവാനുള്ള കഴിവുണ്ടാകും എന്നാണ്.

കൊറോണയ്ക്കും മറ്റു വൈറസുകള്‍ക്കും എതിരെയുള്ള പ്രതിരോധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ക്കായി ഇത്തരക്കാരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഗവേഷകര്‍. ഏറ്റവും കാര്യക്ഷമമായ വാക്‌സിനുകള്‍ ഫൈസറും മൊഡേണയുമാണെന്നാണ് ഇവരുടെ നിരീക്ഷണം.

മനുഷ്യശരീരത്തിലെ സ്വാഭാവിക പ്രതിരോധ ശേഷിയില്‍ കൊറോണ വൈറസില്‍ നിന്നുള്ള ഒരു ജനിതകഘടകം എംആര്‍എന്‍എ നല്‍കുന്നു. ഇതാണ് പ്രതിരോധ സംവിധാനത്തെ, കൊറോണ വൈറസിനെ തിരിച്ചറിയാന്‍ പഠിപ്പിക്കുന്നത്. കൊറോണ വന്ന് ഭേദമായവരുടെ പ്രതിരോധ സംവിധാനം കൊറോണയെ എളുപ്പത്തില്‍ തിരിച്ചറിയും. ഒരിക്കല്‍ രോഗം വന്നതിനാല്‍ ആണിത്.

കൂടാതെ മുന്‍ അനുഭവത്തില്‍ നിന്നും ലഭിച്ച പരിചയത്തിനൊപ്പം വാക്‌സിനിലെ എംആര്‍എന്‍എ യുടെ സഹായം കൂടിയാകുമ്പോള്‍ പ്രതിരോധ സംവിധാനം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. ഇതോടെ ഈ വ്യക്തികള്‍ക്ക് അമാനുഷികമായ രോഗപ്രതിരോധശേഷി കൈവരും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

ഇത്തരത്തിലുള്ളവര്‍ ഭാവിയിലും നല്ല രീതിയില്‍ കൊറോണ പ്രതിരോധം കാഴ്ച്ചവയ്ക്കുമെന്ന് റോക്ക്‌ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റായ തിയോഡാര്‍ ഹാറ്റ്‌സിയൊനാവ് പറയുന്നു. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് മറ്റൊരു വൈറോളജിസ്റ്റായ ഷെയ്ന്‍ ക്രോട്ടിവിശദീകരിക്കുന്നുണ്ട്.

രോഗബാധയിലൂടെ കൈവരിക്കുന്ന സ്വാഭാവിക പ്രതിരാധം വാക്‌സിന്‍ നല്‍കുന്ന പ്രതിരോധത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇത് ഭാവിയിലെ വൈറസ് ബാധയ്‌ക്കെതിരെ പ്രതിരോധം ഉയര്‍ത്തും. ഇത് ബി കോശങ്ങളും ടി കോശങ്ങളും ഉള്‍പ്പെട്ടതാണ്. ഇവ, വൈറസ് എങ്ങനെയിരിക്കുമെന്ന് ഓര്‍മ്മവയ്ക്കുന്നു. അങ്ങനെ പുതിയ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനെ തടയുന്നു.

രോഗം ഭേദമായതിനുശേഷം ആറ്-ഏഴ് മാസങ്ങള്‍ വരെ ഈ സ്വാഭവിക പ്രതിരോധശേഷി നിലനില്‍ക്കും. അല്പം ദുര്‍ബലമാകുമെങ്കിലും പല സന്ദര്‍ഭങ്ങളിലും ഇത് ഒരു വര്‍ഷം വരെ നീണ്ടുനിന്നേക്കാം. ഇത്തരത്തില്‍ സ്വാഭാവിക പ്രതിരോധശേഷി കൈവരിക്കുന്നവര്‍ക്ക് വാക്‌സിന്‍ കൂടി ലഭിക്കുമ്പോള്‍ വൈറസിനെ ഓര്‍ക്കുവാനുള്ള പ്രതിരോധ സംവിധാനത്തിന്റെ ശേഷി ഒന്നുകൂടി വര്‍ദ്ധിക്കും എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *