പൊലീസ് മോഷണക്കേസില്‍ കുടുക്കിയ ഭിന്നശേഷിക്കാരനെ കോടതി കുറ്റവിമുക്തനാക്കി.
കോതമംഗലം: പൊലീസ് മോഷണക്കേസില്‍ കുടുക്കിയ ഭിന്നശേഷിക്കാരനെ കോടതി കുറ്റവിമുക്തനാക്കി. പല്ലാരിമംഗലം വെയ്റ്റിങ് ഷെഡ് പാമ്ബ്രക്കാട്ടില്‍ ഗോപിയെയാണ് കോതമംഗലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഇ.എൻ.
ഹരിദാസൻ കുറ്റക്കാരനല്ലെന്നുകണ്ട് വിട്ടയച്ചത്. 2022 ആഗസ്റ്റ് നാലിന് പല്ലാരിമംഗലം ചെമ്ബകുഴിയില്‍ അബ്ദുസ്സലാമിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയ പരാതിയിലാണ് പോത്താനിക്കാട് പൊലീസ് കേസെടുത്തത്.
കുപ്രസിദ്ധ കുറ്റവാളി ആസിഡ് ബിജുവിനെ പൊലീസ് പിടികൂടുകയും ഇയാളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഒന്നാംപ്രതി ബിജുവില്‍ നിന്ന് സ്വര്‍ണം വാങ്ങുകയും കളവ് മുതലാണെന്ന് അറിഞ്ഞ് വില്‍പന നടത്തുകയും ചെയ്തെന്ന കുറ്റമാണ് ഗോപിയ്ക്ക് ചുമത്തിയിരുന്നത്.
താൻ നിരപരാധിയാണെന്നും ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും കളവ് മുതലുകള്‍ ഒന്നാംപ്രതിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്നും കോടതിയില്‍ ബോധിപ്പിക്കുകയായിരുന്നു. കുറ്റപത്രം പരിശോധിച്ച മജിസ്ട്രേറ്റ് രണ്ടാംപ്രതിയായി ഗോപിയെ ഉള്‍പ്പെടുത്തിയത് അടിസ്ഥാനമില്ലാതെയാണെന്ന് കണ്ടെത്തിയാണ് വെറുതെവിടാൻ ഉത്തരവിട്ടത്.
നിരപരാധിയായ തന്നെ പൊലീസ് മനഃപൂര്‍വം കേസില്‍ കുടുക്കി ലോക്കപ്പിലിട്ട് മര്‍ദിക്കുകയും പല്ലാരിമംഗലത്ത് നടത്തിക്കൊണ്ടിരുന്ന കടകള്‍ പൂട്ടിക്കുകയും പല്ലാരിമംഗലത്തുനിന്ന് നാടുകടത്തുകയും ചെയ്തതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഗോപി.