രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ മാര്‍ഗങ്ങള്‍ കടുപ്പിക്കും. സെപ്റ്റംബറില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടക്കുമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം സാഹചര്യം വിലയിരുത്തും.
അതേ സമയം കോവിഡ് പരിശോധന കുത്തനെ ഇടിഞ്ഞു. കോവിഡ് കണക്കുകള്‍ വീണ്ടും കുന്നു കയറുന്നതിന്റെ സൂചന നല്കി ടിപിആര്‍ 17 നടുത്ത് തുടരുന്നു. എല്ലാ ദിവസവും ശരാശരി 100 പേര്‍ വീതം മരണത്തിനു കീഴടങ്ങുന്നു. സെപ്റ്റംബര്‍ രണ്ടാംവാരത്തോടെ രോഗികളുടെ എണ്ണം 40000 വരെ ഉയര്‍ന്നേക്കാമെന്നാണ് നിഗമനം.
ഭൂരിഭാഗം ജില്ലകളിലും സര്‍ക്കാര്‍ മേഖലയിലെ കിടക്കകള്‍ നിറയുന്നു. ബുധനാഴ്ച മുഖ്യമന്ത്രി വിളിച്ച അവലോകനയോഗം സാഹചര്യം വിലയിരുത്തും. പൊതുവിടങ്ങളിലും ചടങ്ങുകളിലും കോവിഡ് പ്രൊട്ടോക്കോള്‍ കര്‍ശനമാക്കും. ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂട്ടാനും നിര്‍ദേശിക്കും.
ഒണത്തിരക്കിന്റെ പ്രതിഫലനം കണ്ടു തുടങ്ങാന്‍ ഇനിയും രണ്ടാഴ്ചയെങ്കിലുമെടുക്കും. അപ്പോഴേയ്ക്കും പുതിയ ക്ലസ്റ്ററുകള്‍ തടയാനായില്ലെങ്കില്‍ കിടക്കകളും ഐസിയുകളും കിട്ടാതെ വരുന്ന സാഹചര്യം വീണ്ടും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പരിശോധനകള്‍ കുറഞ്ഞതും വെല്ലുവിളിയാണ്. രണ്ടുലക്ഷത്തോളം പരിശോധനകള്‍ നടന്നിരുന്നിടത്ത് 60000 നായിരത്തിലേയ്ക്ക് താഴ്ന്നു.
15 ദിവസത്തിലേറെയായി കുറഞ്ഞു വന്ന പരിശോധനാനിരക്ക് ഒാണാവധിയായതോടെയാണ് തീരെ ഇടിഞ്ഞത്. ആളുകള്‍ പരിശോധനയ്ക്കായി എത്താത്തതും രോഗവ്യാപനം കൂടുതലുളളയിടങ്ങളില്‍ കൂട്ട പരിശോധനയ്ക്ക് അധികൃതര്‍ ശുഷ്കാന്തി കാണിക്കാത്തതും ടെസ്റ്റ് കുറയാന്‍ കാരണമാണ്.