കൊറോണയ്ക്കൊപ്പം പ്രമേഹവും, അമിത രക്ത സമ്മർദവും വില്ലനാകുമ്പോൾ; മരണനിരക്കിൽ ഏറ്റവും മുന്നിൽ മലപ്പുറം

September 8, 2021
254
Views

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണയ്ക്കൊപ്പം അനുബന്ധ രോഗങ്ങൾ ഗുരുതരമായി മരിച്ചവരിൽ പകുതിയിലധികം പേരിലും വില്ലനായത് പ്രമേഹവും, അമിത രക്ത സമ്മർദവുമെന്ന് സർക്കാരിന്റെ കണക്കുകൾ. മലപ്പുറം ഈ കണക്കുകളിൽ മുന്നിൽ നിൽക്കുമ്പോൾ മലയോര ജില്ലകളിലാണ് അനുബന്ധ രോഗങ്ങളുടെ തോത് ഏറ്റവും കുറവ്. അനുബന്ധ രോഗങ്ങളുള്ളവർ അടിയന്തിരമായി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന സർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കണക്കുകൾ ശ്രദ്ധേയമാകുന്നത്.

സംസ്ഥാനത്ത് മൊത്തം കൊറോണ കാരണം മരിച്ചവരിൽ ഭൂരിഭാഗവും നേരത്തെ മറ്റസുഖങ്ങളുണ്ടായിരുന്നവരും കൊറോണ കാരണം അവ ഗുരുതരമായവരുമാണ്. ഇതിൽ 52 ശതമാനവും പ്രമേഹവും അമിതരക്ത സമ്മർദവുമെന്നാണ് കണക്കുകൾ. അനുബന്ധ രോഗം ഗുരുതരമായി മരിച്ചവരിൽ 26 ശതമാനത്തിന് പ്രമേഹവും ബാക്കി 26 ശതമാനത്തിന് അമിത രക്തസമ്മർദം ഉണ്ടായിരുന്നു. 10 ശതമാനം ഹൃദ്രോഗികളാണ്.

ജില്ലകളിൽ മലപ്പുറത്ത് അനുബന്ധ രോഗങ്ങൾക്കൊപ്പം കൊറോണ ഗുരുതരമായി മരിച്ച 1000ൽ 430 പേർക്കും അമിത രക്തസമ്മർദവും 439 പേരിൽ പ്രമേഹവുമുണ്ട്. 178 പേരിലാണ് ഹൃദ്രോഗം. കോഴിക്കോടും സമാന സ്ഥിതിയാണ്. തൃശൂർ, പാലക്കാട്, എറണാകുളം, ജില്ലകളിലും തോത് ഇതേ രീതിയിൽ തന്നെയാണ്. ഇവയെല്ലാം വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകളാണ്. എന്നാൽ ഏറ്റവുമധികം മരണമുണ്ടായ തിരുവനന്തപുരത്ത് മരണങ്ങളിൽ ഈ രോഗങ്ങളുടെ തോത് കുവാണെന്നത് ശ്രദ്ധേയം.

വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മരണങ്ങളിൽ ഈ അനുബന്ധ രോഗങ്ങളുടെ പങ്ക് കുറഞ്ഞ തോതിലുള്ളത്. ഇവ കൊറോണ വ്യാപനവും ഏറ്റവും കുറഞ്ഞ ജില്ലകളാണ്. എന്നാൽ ഇവിടങ്ങളിലും മരണങ്ങളിൽ പ്രധാന വില്ലൻ മേൽപ്പറഞ്ഞ രോഗങ്ങൾ തന്നെയാണ്. ഹോം ഐസോലേഷനിൽ കഴിയുന്ന, മറ്റ് രോഗമുള്ളവർ പെട്ടെന്ന് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറണമെന്നാണ് വീടുകളിലെ മരണമുയർന്നതോടെ സർക്കാർ നൽകിയിരിക്കുന്ന നിർദേശം.

ജീവിതശൈലീ രോഗങ്ങൾ വില്ലനാകുന്നുവെന്ന നേരത്തേ മുതലുള്ള മുന്നറിയിപ്പ് ശരിവെക്കുന്ന കണക്കുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഹോം ഐസൊലേഷൻ നയത്തിൽ തന്നെ സർക്കാർ വരുത്തിയിരിക്കുന്ന കാതലായ മാറ്റം.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *