തിരുവനന്തപുരം: കൊറോണ വൈറസ് രോഗബാധിതർ വർധിച്ചതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കും. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചു. ജനുവരി 23,30 തിയതികളിലായിരിക്കും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തുക. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗത്തിന്റേതാണ് തീരുമാനം. ജില്ലകളിലെ വ്യാപനതോത് കണക്കാക്കി നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചു. രാത്രികാല കർഫ്യൂവേണ്ടെന്ന് അവലോകനയോഗം തീരുമാനിച്ചു. സ്കൂളുകൾ പൂർണ്ണമായും നാളെ മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ളവർക്കായിരുന്നു 21 മുതൽ ഓൺലൈൻ ക്ലാസുകൾ അനുവദിച്ചിരുന്നത്.
പത്ത് മുതൽ പ്ലസ്ടുവരെയുള്ളവർക്കും നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ നടത്തും. രോഗികളുടെ എണ്ണവും ആശുപത്രി സൗകര്യവും പരിഗണിച്ചാണ് ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തുക.