സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിക്കും

September 14, 2021
172
Views

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ മാറ്റി പഴയപടിയിലേക്കാകുകയാണ് കേരളം. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ചേരുന്ന അവലോകന യോഗത്തിലാവും തീരുമാനം.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുമെന്നാണ് വ്യക്തമാകുന്നത്. ടേബിളുകൾ തമ്മിലുള്ള അകലം കൂട്ടിയാകും അനുമതി. ബാറുകൾ തുറക്കുന്നകാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. കൊവിഡ് വ്യാപനം കുറയുകയും വാക്സിനേഷൻ വളരെ വേഗം മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നത്.

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ മ്യൂസിയങ്ങൾ രാവിലെ തുറക്കും. തിരുവനന്തപുരത്ത് പ്രഭാത-സായാഹ്ന നടത്തത്തിനും അനുമതിയുണ്ടാകും. ശനിയാഴ്ച ഇനി മുതൽ പ്രവൃത്തി ദിവസമാക്കിയിരുന്നു. സർക്കാർ ഓഫീസുകളിൽ ജീവനക്കാർക്ക് കാർഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നി‍ർബന്ധമാക്കിയിട്ടുണ്ട്. ബയോ മെട്രിക് പഞ്ചിംഗ് ആയിരിക്കില്ല. പ്ലസ് വൺ പരീക്ഷയിലെ ബുധനാഴ്ചത്തെ സുപ്രം കോടതി നിലപാട് അനുസരിച്ചാകും സ്കൂൾ തുറക്കലിൽ അന്തിമതീരുമാനം. തിയേറ്ററുകൾ തുറക്കാനും ഇനിയും കാത്തിരിക്കേണ്ടിവരും.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 15,058 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 16.39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണം കൂടി കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 22,650 ആയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,439 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവില്‍ 2,08,773 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *