ബെംഗ്ലുരൂ: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കര്‍ണാടക. ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാക്കണമെന്ന് വിദഗ്ധ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വ്യാജ കൊറോണ സര്‍ട്ടിഫിക്കറ്റുമായി കൂടുതല്‍ മലയാളികള്‍ പിടിയിലായ സാഹചര്യത്തിലാണ് പുതിയ ശുപാര്‍ശ.
കേരളത്തിൽ പരിശോധന ശരിയായ രീതിയില്‍ അല്ലെന്നും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരില്‍ അധികവും കര്‍ണാടകയിലെ പരിശോധനയില്‍ പോസീറ്റീവ് ആവുന്നത് ഗൗരവകരമെന്നും സമിതി ചൂണ്ടികാട്ടി.
ഏഴ് ദിവസത്തെ ക്വാറന്‍റീന് ശേഷം കൊറോണ പരിശോധന നടത്തി നെഗറ്റീവ് ആകുന്നത് വരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരണമെന്നാണ് കര്‍ണാടക വിദഗ്ധ സമിതി ശുപാര്‍ശ.
ഇതിനിടെ കർണ്ണാടക അതിർത്തിയിലെ യാത്രാ നിയന്ത്രണത്തിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജിയിൽ, മറുപടി സത്യവാങ്ങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് കർണ്ണാടക ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കോടതിയുടെ ഇടക്കാല ഉത്തരവ് പൂർണ്ണമായും പാലിച്ചുവെന്നും കർണ്ണാടകം അറിയിച്ചു. ഹർജി ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി.