കൊറോണ രോഗികളുടെ എണ്ണം കൂടുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചന: ഐസിഎംആർ

August 30, 2021
187
Views

ന്യൂഡെൽഹി: ചില സംസ്ഥാനങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം കൂടുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചനയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പകർച്ചവ്യാധി വിഭാഗം മേധാവി ഡോക്ടർ സമീരൻ പാണ്ഡെ.

മൂന്നാം തരംഗമെത്താൻ ഇനിയും രണ്ടോ മൂന്നോ മാസമെടുക്കുമെന്ന് കരുതിയിരിക്കരുതെന്നും ചില സംസ്ഥാനങ്ങളിൽ മൂന്നാം തരംഗത്തിന്റെ ആദ്യ സൂചനകൾ കണ്ടുതുടങ്ങിയെന്നും ഡോക്ടർ പാണ്ഡെ ദേശീയ മാധ്യമമായ മിററിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഉത്സവ കാലങ്ങളിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ആൾക്കൂട്ടം ഉണ്ടാവുകയും ചെയ്താൽ സൂപ്പർ സ്പ്രെഡ് ഉണ്ടാവുമെന്നും ഡോക്ടർ പാണ്ഡെ പറഞ്ഞു.

രണ്ടാം തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നാം തരംഗത്തിൽ രോഗവ്യാപനത്തിൽ അൽപ്പം കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗം രൂക്ഷമല്ലാത്ത സംസ്ഥാനങ്ങൾ പ്രതിരോധ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും നിയന്ത്രണങ്ങൾ ഒറ്റയടിക്ക് പിൻവലിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കേരളത്തിലും മിസോറാമിലുമാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ ഉള്ളത്. രോഗബാധിതർ രോഗം വരാൻ സാധ്യതയുള്ളവരുമായി സമ്പർക്കമുണ്ടാകുന്നത് കേരളത്തിൽ കൂടുതലാണെന്നും രോഗവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളമെന്നും പാണ്ഡെ പറഞ്ഞു.

ആറ് വയസ്സിനും 17 വയസ്സിനുമിടയിലുള്ള കുട്ടികളിൽ 50 ശതമാനവും രോഗം വന്നുപോയവരാണെന്ന് സിറോ പ്രിവലൻസ് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്, ഈ പ്രായത്തിനുള്ളിലുള്ളവരുടെ വാക്സിനേഷനായി ധൃതി കാണിക്കേണ്ടെന്നും അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കാണ് ആദ്യം വാക്സിൻ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *