തുടരെ രണ്ട് തോല്‍വികള്‍ നേരിട്ടതിന്റെ ക്ഷീണത്തിലാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്.
ജയ്പുര്‍: തുടരെ രണ്ട് തോല്‍വികള്‍ നേരിട്ടതിന്റെ ക്ഷീണത്തിലാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്.
സഞ്ജു സാംസണ്‍ നയിക്കുന്ന ടീം കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ബാറ്റിങിലും ബൗളിങിലുമെല്ലാം തീര്‍ത്തും നിറം മങ്ങി. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് രാജസ്ഥാന്‍ നില്‍ക്കുന്നുണ്ടെങ്കിലും അവരുടെ നില അത്ര സുഖകരമല്ല.
ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍. ടീമില്‍ സമൂല മാറ്റത്തിന് രാജസ്ഥാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വിജയത്തോടെ മികവിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് രാജസ്ഥാന്‍.
ഓപ്പണര്‍ ജോസ് ബട്‌ലര്‍ കഴിഞ്ഞ മത്സരങ്ങളില്‍ തീര്‍ത്തും നിറംമങ്ങിയത് അവര്‍ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നു. കഴിഞ്ഞ ആറ് ഇന്നിങ്‌സുകളില്‍ രണ്ടെണ്ണത്തില്‍ ബട്‌ലര്‍ പൂജ്യത്തിന് പുറത്തായിരുന്നു. ബട്‌ലര്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നോ രണ്ടോ മത്സരങ്ങളില്‍ ബട്‌ലര്‍ക്ക് വിശ്രമം അനുവദിച്ച് ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസരമൊരുക്കുകയാണ് ടീം ഉദ്ദേശിക്കുന്നത്.
ഐപിഎല്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന ജോ റൂട്ടിന് അവസരമൊരുങ്ങുതായും സൂചനയുണ്ട്. മധ്യനിരയ്ക്ക് കരുത്തു പകരാനുള്ള നീക്കമാണ് റൂട്ടിനെ കളിപ്പിക്കുന്നതിലൂടെ ടീം ലക്ഷ്യമിടുന്നത്. റൂട്ടിനെ എത്തിക്കുന്നതിലൂടെ ദേവ്ദത്ത് പടിക്കലിന് ബാറ്റിങില്‍ സ്ഥാനം കയറ്റം നല്‍കാനാണ് ആലോചന.
അമ്ബേ പരാജയപ്പെട്ട റിയാന്‍ പരാഗിന് ടീമിലെ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. റിയാന്‍ പരാഗിന് പകരമായിരിക്കും റൂട്ട് വരുന്നത്. ആറ് മത്സരങ്ങള്‍ കളിച്ച റിയാന്‍ പരാഗ് നേടിയത് വെറും 58 റണ്‍സ് മാത്രമാണ്. താരത്തിനെതിരെ ആരാധകര്‍ വന്‍ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്.