കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് വൈപ്പിൻ സ്വദേശിയായ രാജീവനാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞദിവസം മുതല്‍ രാജീവനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മരിച്ചത് രാജീവനാണോ എന്നറിയാനായി പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയാണ് മരിച്ചത് രാജീവനാണെന്ന് തിരിച്ചറിഞ്ഞത്.
പെയിന്റിങ് തൊഴിലാളിയായ രാജീവൻ 30 വര്‍ഷത്തിലേറെയായി കൊയിലാണ്ടിയിലാണ് താമസിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു താമസം. ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഭാര്യ പിന്നീട് മരിച്ചു. രണ്ട് മക്കളും വിവാഹംകഴിഞ്ഞവരാണ്. അടുത്തിടെ രാജീവന്റെ രണ്ടാംവിവാഹം കഴിഞ്ഞിരുന്നെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
ഞായറാഴ്ച രാവിലെയാണ് ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലില്‍ കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ രണ്ടുകാലുകളാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസെത്തി ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അരയ്ക്ക് മുകളിലേക്കുള്ള ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തി. കാലുകള്‍ കണ്ടതിന് 15 മീറ്ററോളം അകലെ വയലില്‍നിന്നാണ് ബാക്കി ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ഇതും കത്തിക്കരിഞ്ഞനിലയിലാണ്.
മൃതദേഹം കണ്ടെത്തിയ വയലിന് സമീപം ആള്‍ത്താമസമില്ലാത്ത ഒരു വലിയ വീട് മാത്രമാണുള്ളത്. ഈ വീട്ടുവളപ്പില്‍ സിസിടിവി ക്യാമറയുണ്ടെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. വയലില്‍നിന്ന് കണ്ടെത്തിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
എങ്ങനെയാണ് മരണം സംഭവിച്ചത്, സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് ഇനി വ്യക്തത വരാനുള്ളത്. എന്നാല്‍, ഡോക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ നല്‍കാനാവൂ എന്ന് വടകര റൂറല്‍ പരിധിയുടെ അധികചുമതല വഹിക്കുന്ന കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹപരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കിട്ടണം. അതിനുശേഷമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ എന്നും സ്ഥലത്തെത്തിയ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാര്‍ വ്യക്തമാക്കി.