തൂവാലകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കണ്ടെയ്നർ വഴി മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തകർത്ത് ദുബൈ തുറമുഖ കസ്റ്റംസ്.
ദുബൈ: തൂവാലകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കണ്ടെയ്നർ വഴി മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തകർത്ത് ദുബൈ തുറമുഖ കസ്റ്റംസ്.
ജബല്‍ അലി തുറമുഖം വഴിയാണ് നിരോധിത മയക്കുമരുന്ന് ഗുളികകള്‍ വൻ തോതില്‍ കടത്താനുള്ള ശ്രമം നടന്നത്.
ജബല്‍ അലി സീ കസ്റ്റംസ് സെന്‍റർ ഉദ്യോഗസ്ഥരും ടികോമും ചേർന്ന് നടത്തിയ പരിശോധനയില്‍ 2,34,000 ട്രമഡോള്‍ ഗുളികകള്‍ പിടികൂടുകയായിരുന്നു. റേഡിയേഷൻ പരിശോധനയില്‍ തൂവാലകള്‍ കൊണ്ടുവന്ന ഷിപ്മെന്‍റിന്‍റെ സാന്ദ്രതയിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതോടെ വിശദ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ടവ്വലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്.
ഏഷ്യൻ രാജ്യത്തുനിന്നാണ് ഷിപ്മെന്‍റ് എത്തിയതെന്നാണ് സംശയം. എന്നാല്‍, കണ്ടെയ്നർ എന്നാണ് എത്തിയതെന്ന് വ്യക്തല്ല. സംഭവത്തില്‍ ആരെങ്കിലും അറസ്റ്റിലായതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.തുറമുഖം വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാൻ മികച്ച ഉപകരണങ്ങളാണ് ദുബൈ കസ്റ്റംസ് ഉപയോഗിക്കുന്നത്. സംശയമുള്ള ഷിപ്മെന്‍റുകളെ തിരിച്ചറിയുന്ന ‘ഏർലി വാണിങ്’ സംവിധാനം കൂടാതെ ഉദ്യോഗസ്ഥ പരിശോധന, എക്സ്-റേ സ്കാനിങ്, കെ9 ഡോഗ് യൂനിറ്റുകള്‍ എന്നിവ തുറമുഖത്ത് കണ്ടെയ്നർ പരിശോധനക്ക് സജ്ജമാണ്. മയക്കുമരുന്ന് കടത്ത് തടയാനുള്ള ഉദ്യോഗസ്ഥരുടെ കാര്യക്ഷമത അഭിമാനകരമാണെന്ന് ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറലും പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോണ്‍ കോർപറേഷൻ സി.ഇ.ഒയുമായ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു. നിരോധിത മയക്കുമരുന്നിന്‍റെ ഉപയോഗത്തില്‍നിന്ന് സമൂഹത്തെ സംരക്ഷിക്കാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ദുബൈ കസ്റ്റംസിന്‍റെ സീ കസ്റ്റംസ് മാനേജ്മെന്‍റ് ആക്ടിങ് ഡയറക്ടർ റാശിദ് അല്‍ ദബ്ബാ അല്‍ സുവൈദി പറഞ്ഞു.