‘SFI നേതാക്കള്‍ മകനെ ആക്രമിച്ചത് താലിബാൻ ശൈലിയില്‍’; മുഖ്യമന്ത്രിയോട് സിദ്ധാര്‍ഥന്റെ അമ്മ

March 10, 2024
26
Views

താലിബാൻ ശൈലിയില്‍ ഭീകരസംഘടനകളുടെ മാതൃകയിലാണ് സിദ്ധാർഥനെ കോളേജ് ഹോസ്റ്റലില്‍ എസ്.എഫ്.ഐ.

തിരുവനന്തപുരം: താലിബാൻ ശൈലിയില്‍ ഭീകരസംഘടനകളുടെ മാതൃകയിലാണ് സിദ്ധാർഥനെ കോളേജ് ഹോസ്റ്റലില്‍ എസ്.എഫ്.ഐ. നേതാക്കള്‍ ക്രൂരമായ ആള്‍ക്കൂട്ടവിചാരണയ്ക്കു വിധേയമാക്കിയതെന്ന് രക്ഷാകർത്താക്കള്‍.

സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ എം.ആർ.ഷീബ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിലാണ് ഈ ആരോപണമുള്ളത്.

ഫെബ്രുവരി 16 മുതല്‍ 18 വരെ മൂന്നുദിവസം എസ്.എഫ്.ഐ. നേതാക്കളുടെയും കോളേജിലെ യൂണിയൻ ഭാരവാഹികളുടെയും നേതൃത്വത്തില്‍ നടന്ന ക്രൂരമായ ആള്‍ക്കൂട്ടവിചാരണയാണ് 20 വയസ്സുള്ള തന്റെ മകന്റെ മരണത്തിനു കാരണമായത്.

ഉത്തരേന്ത്യൻ വിദ്യാർഥികളാണ് തന്റെ മകൻ നേരിട്ട ക്രൂരവിചാരണ ആദ്യം പുറത്തുപറഞ്ഞത്. ഹോസ്റ്റലിലെ മുഴുവൻ കുട്ടികളുടെയും മുന്നില്‍ നഗ്നനാക്കിനിർത്തി ബെല്‍റ്റുകൊണ്ടും കേബിളുകൊണ്ടും അടിക്കുകയായിരുന്നു. ആന്തരിക മുറിവുകളുണ്ടായി ചികിത്സകിട്ടാതെയാണ് സിദ്ധാർഥൻ മരിച്ചത്. തൂങ്ങിമരണമാണെന്നു പ്രചരിപ്പിക്കുന്നതു മുഖവിലയ്ക്കെടുക്കാൻപോലും കഴിയില്ല.

വാലന്റൈൻസ് ദിനാഘോഷത്തില്‍ ഒരു പെണ്‍കുട്ടിയോടൊപ്പം സിദ്ധാർഥൻ നൃത്തംചെയ്തത് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഷാനും കോളേജ് യൂണിയൻ പ്രതിനിധി ആസിഫ് ഖാനും ഇഷ്ടപ്പെട്ടില്ല. ഇതിനു പ്രതികാരമായാണ് അവർ സിദ്ധാർഥനെ ആക്രമിക്കുന്നത്.

എസ്.എഫ്.ഐ. നേതാവ് അമലിന്റെ നേതൃത്വത്തിലാണ് ആള്‍ക്കൂട്ടവിചാരണയ്ക്കു വിധേയനാക്കിയത്. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ അവർ ആക്രമണം തുടർന്നു. കുറ്റക്കാരെ രക്ഷിക്കാൻ സിദ്ധാർഥനെ അപമാനിക്കാനും വ്യാജപരാതി നല്‍കാനും അവർ തയ്യാറായി. സഹപാഠികളായ ആറ് എസ്.എഫ്.ഐ. പ്രവർത്തകർക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ട്. കോളേജ് അധ്യാപകരും വിദ്യാർഥി യൂണിയനും തെളിവുകള്‍ നശിപ്പിച്ച്‌ ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചു. അതുകൊണ്ടുതന്നെ സംഭവത്തിനു പിന്നിലെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരാൻ സി.ബി.ഐ. അന്വേഷണത്തിനു നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ അവർ പറയുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *