കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ ക്രൈം വാരിക പത്രാധിപർ നന്ദകുമാറിനെ അറസ്റ്റു ചെയ്തു. എറണാകുളം സൈബർ പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. യു ട്യൂബ്, ഫേസ്ബുക്ക് എന്നിവയടക്കമുളള സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പൊലീസിൽ പരാതിപ്പെട്ടത്.
ഡിജിപിക്ക് നൽകിയ പരാതി അന്വേഷണത്തിനായി തൃക്കാക്കര സൈബർ സ്റ്റേഷന് കൈമാറുകായിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തുകയായിരുന്നു. അറസ്റ്റിലായ നന്ദകുമാറിനെ പൊലീസ് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രാഥമിക അന്വേഷണത്തില്‍ നന്ദകുമാര്‍ സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ക്രൈം ഓൺലൈനിലൂടെ ആരോഗ്യമന്ത്രിക്കെതിരെ മോശമായ പരാമർശങ്ങളാണ് നന്ദകുമാർ നടത്തിയതെന്ന് പൊലീസ് ചൂണ്ടികാട്ടി. സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോര്‍ജെന്ന ആരോഗ്യമന്ത്രിയെന്ന് തുടങ്ങുന്ന അധിക്ഷേപങ്ങളിൽ നന്ദകുമാർ സ്ത്രീ വിരുദ്ധപരാമർശങ്ങളടക്കം നടത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ക്രൈം നന്ദകുമാറിന്‍റെ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പരിയാരം മെഡിക്കൽ കോളേജിനെ കുറിച്ച് തെറ്റായ വാർത്ത ചെയ്തു എന്ന പരാതിയിലായിരുന്നു പരിശോധന. തിരുവനന്തപുരം സൈബർ പൊലീസാണ് അന്ന് നന്ദകുമാറിന്‍റെ ഓഫീസിലെത്തി പരിശോധന നടത്തിയത്. കൊച്ചി കല്ലൂരിലെ ഓഫിസിലായിരുന്നു പരിശോധന. ജൂൺ അഞ്ചാം തിയതി പരിയാരം മെഡിക്കൽ കോളേജിനെ മോശപ്പെടുത്തുന്ന തരത്തിൽ വാർത്ത നൽകിയെന്ന പരാതിയിലായിരുന്നു അന്നത്തെ പൊലീസ് നടപടി.