എണ്ണവില തടയിടാന്‍ തന്ത്രപ്രധാന നീക്കവുമായി ഇന്ത്യ; കരുതല്‍ ശേഖരം പുറത്തെടുക്കുന്നു

November 23, 2021
170
Views

ന്യൂ ഡെൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റുരാജ്യങ്ങളുമായി ചേർന്ന് തന്ത്രപ്രധാന നീക്കത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ കരുതൽ ശേഖരം പുറത്തെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

എണ്ണ വിതരണ രാജ്യങ്ങൾ കൃത്രിമമായി ഡിമാൻഡ് സൃഷ്ടിക്കുന്നതിൽ ശക്തമായ മുന്നറിയിപ്പ് നൽകുന്നതിന് യുഎസ് നടപ്പാക്കുന്ന പദ്ധതിയിൽ ഇന്ത്യയും ഭാഗമാകുമെന്നാണ് പുറത്തുവരുന്ന വിവരം. കരുതൽ ശേഖരം അടിയന്തരമായി തുറന്നു വിടണമെന്ന ബൈഡൻ ഭരണകൂടത്തിന്റെ ആഹ്വാനത്തോട് കേന്ദ്ര പെട്രോളിയം, വിദേശകാര്യ മന്ത്രാലയങ്ങൾ അനുകൂല നിലപാടാണ് എടുത്തതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഉന്നത തലത്തിൽനിന്ന് ഇതുസംബന്ധിച്ച് ഉടൻതന്നെ പ്രഖ്യാപനം ഉണ്ടായേക്കും.

യു.എസ് നിർദേശം നടപ്പിലാക്കാനുള്ള അന്തിമ നടപടികളിലാണ് ചൈന എന്നാണ് വിവരം. ജപ്പാനും ഇക്കാര്യം സജീവമായി പരിഗണിക്കുകയാണ് എന്ന സൂചനയുണ്ട്. ചൈന, ജപ്പാൻ, ഇന്ത്യ, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങൾ കരുതൽ ശേഖരം ഒന്നിച്ച് തുറന്നുവിടുന്നതിന് തീരുമാനമെടുത്താൽ അത് എണ്ണ വിപണിയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും.

ഓരോ രാജ്യവും തന്ത്രപ്രധാന കരുതൽ ശേഖരത്തിൽനിന്ന് തുറന്നു നൽകുന്ന എണ്ണയുടെ അളവ് വളരെ വലുതായിരിക്കില്ല. അതേസമയം ലോകത്തെ ഏറ്റവും വലിയ ഉപഭോകൃത രാജ്യങ്ങൾ ഒറ്റക്കെട്ടായി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നത് എണ്ണ ഉത്പാദക രാജ്യങ്ങൾക്ക് വലിയ മുന്നറിയിപ്പാകും.

ഈ മാസം ആദ്യം എണ്ണ വിതരണം വർധിപ്പിക്കാനുള്ള ജോ ബൈഡന്റെ ആഹ്വാനത്തെ ഒപെക് പ്ലസ് രാജ്യങ്ങൾ അവഗണിച്ചിരുന്നു. പിന്നാലെയാണ് മറ്റുരാജ്യങ്ങളെ ഏകോപിപ്പിച്ച് യു.എസ് നിർണായക നീക്കത്തിന് ആഹ്വാനം ചെയ്തത്. അതേസമയം തന്ത്രപ്രധാനമായ കരുതൽ ശേഖരം തുറന്ന് നൽകുമ്പോൾ ഇന്ത്യയിലും യുഎസിലുമുണ്ടാകുന്ന ചർച്ചകളും ശ്രദ്ധേയമാകും.

ഇന്ത്യയും മറ്റ് രാജ്യങ്ങളും തന്ത്രപ്രധാനമായ കരുതൽ ശേഖരം സൃഷ്ടിച്ചിരിക്കുന്നത് പ്രധാനമായും വിതരണ തടസ്സങ്ങൾ നേരിടാനാണ്, അല്ലാതെ ഉയർന്ന വിലയെ നേരിടാനല്ല. അതേ സമയം വിതരണം കുറച്ചതോടെയാണ് വില ഉയർന്നതെന്നതും വസ്തുതയാണ്.

അതിനിടെ, എണ്ണവിപണിയെ സ്വാധീനിക്കാൻ യുഎസും മറ്റു രാജ്യങ്ങളും ഏകോപന നീക്കം തുടങ്ങിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ എണ്ണ വിലയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. നിലവിൽ ബാരലിന് 79 ഡോളറാണ് ക്രൂഡ് ഓയിൽ വില. ഒപെക് രാജ്യങ്ങളും റഷ്യയടക്കമുള്ള മറ്റു ഉത്പാദക രാജ്യങ്ങളും ചേർന്നാണ് ഒപെക് പ്ലസ് എന്നറിയപ്പെടുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *