തിരുവനന്തപുരം: നിയമപാലകരുടെ പേരില്‍ സംസ്ഥാനത്ത് കോടികളുടെ ഓണ്‍ലൈൻ തട്ടിപ്പ്. പൊലീസ്, നർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ട്രായ്, സി.ബി.ഐ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെല്‍, ഇന്‍റലിജൻസ് ഏജൻസികള്‍, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ടാണ് പണം തട്ടുന്നത്.
സൈബർ സെല്ലുകളിലും പൊലീസ് സൈബർ സ്റ്റേഷനുകളിലും പരാതി കുന്നുകൂടിയതോടെ, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഓഫിസില്‍ നിന്നെന്ന വ്യാജേന ലഭിച്ച ഫോണ്‍ സന്ദേശത്തോട് പ്രതികരിച്ച എറണാകുളം സ്വദേശിക്ക് 1.2 കോടി നഷ്ടമായി. മുംബൈ പൊലീസില്‍ നിന്ന് എന്ന പേരില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് മറ്റൊരാളുടെ 30 ലക്ഷം കവർന്നത്.
പണം നഷ്ടപ്പെട്ടാല്‍ ആദ്യ മണിക്കൂറില്‍ തന്നെ 1930 എന്ന നമ്ബറില്‍ അറിയിച്ചാല്‍ തിരിച്ചുപിടിക്കാൻ സാധ്യത കൂടുതലാണ്. ഇത്തരം ഫോണ്‍ കാള്‍ ലഭിച്ചാലുടൻ 1930 എന്ന ഫോണ്‍ നമ്ബറില്‍ വിവരം അറിയിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. അന്വേഷണ ഏജൻസികള്‍ സംശയാസ്പദമായി കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായി മരവിപ്പിക്കാൻ കഴിയും. പരിശോധനക്കായി സമ്ബാദ്യമോ പണമോ കൈമാറാൻ ഒരിക്കലും ആവശ്യപ്പെടില്ലെന്നും ഡി.ജി.പി അറിയിച്ചു.