എഐ സഹായത്തോടെ സുഹൃത്തിന്റെ വീഡിയോ ദൃശ്യം വ്യാജമായി നിര്‍മിച്ച് വാട്‌സ് ആപ്പില്‍ അയച്ചു
കോഴിക്കോട്: എഐ സഹായത്തോടെ സുഹൃത്തിന്റെ വീഡിയോ ദൃശ്യം വ്യാജമായി നിര്‍മിച്ച് വാട്‌സ് ആപ്പില്‍ അയച്ചു വിശ്വസിപ്പിച്ച് വയോധികനില്‍ നിന്നും നാല്‍പ്പതിനായിരം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി.
കേരളത്തില്‍ ഇത്തരത്തില്‍ എഐ ഉപയോഗിച്ചു നടത്തിയ ആദ്യത്തെ സൈബര്‍ തട്ടിപ്പാണിതെന്നാണ് പോലീസിന്റെ നിഗമനം. ‘ഡീപ് ഫെയ്ക് ടെക്‌നോളജി’ ഉപയോഗിച്ച് വ്യക്തികളുടെ രൂപവും ശബ്ദവും വ്യാജമായി തയാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഇത്തരം തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും വിരമിച്ച കോഴിക്കോട് പാലാഴി സ്വദേശിയാണ് തട്ടിപ്പിനിരയായത്. പരിചയമില്ലാത്ത നമ്ബറില്‍ നിന്ന് പുലര്‍ച്ചെ മൊബൈല്‍ ഫോണില്‍ പലതവണ കോള്‍ എത്തിയെങ്കിലും എടുത്തിരുന്നില്ലെന്ന് വയോധികന്‍ പറഞ്ഞു. നേരം പുലര്‍ന്നു ഫോണ്‍ പരിശോധിച്ചപ്പോള്‍ അതേ നമ്ബറില്‍ നിന്നും വാട്‌സ് ആപ്പില്‍ മെസേജും കണ്ടു.മുന്‍പ് കൂടെ ജോലി ചെയ്തിരുന്ന, ഇപ്പോള്‍ ദുബായിലുള്ള, ആന്ധ്ര സ്വദേശിയായ സുഹൃത്താണെന്നാണു വാട്‌സാപ്പ് സന്ദേശത്തില്‍ പറഞ്ഞത്.
അത്യാവശ്യമായി 40,000 രൂപ തന്റെ അക്കൗണ്ടിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. സംശയമൊന്നും തോന്നിയില്ലെങ്കിലും അക്കൗണ്ടിലേക്കു പണം അയയ്ക്കാന്‍ താന്‍ മടിച്ചു. തുടര്‍ന്നാണ് അയാള്‍ വീഡിയോ അയച്ചു നല്‍കിയത്. പിന്നെ അവിശ്വാസം തോന്നിയില്ല. നാല്‍പ്പതിനായിരം രൂപ അയച്ചുനല്‍കി. അല്‍പസമയത്തിന് ശേഷം വീണ്ടും 35,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ സംശയം തോന്നി. അക്കൗണ്ട് ബാലന്‍സ് പരിശോധിക്കട്ടെയെന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൈവശമുള്ള നമ്ബറില്‍ ദുബായിലെ സുഹൃത്തിനെ ബന്ധപ്പെട്ടു. താന്‍ ദുബായില്‍ നിന്നും അടുത്ത വിമാനത്തില്‍ യുഎസിലേക്കു പുറപ്പെടാന്‍ നില്‍ക്കുകയാണെന്നും, പണം ആവശ്യപ്പെട്ടു വിളിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി. കഴിഞ്ഞ ഞായറാഴ്ചയാണു തട്ടിപ്പു നടന്നത്. നാഷനല്‍ സൈബര്‍ ക്രൈം വിഭാഗത്തിന് കിട്ടിയ പരാതി കോഴിക്കോട് സൈബര്‍ പൊലീസിനു കൈമാറിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.