ജീര്‍ണിച്ച വീട്ടിനുള്ളില്‍ അഞ്ചംഗ കുടുംബത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി.
ബംഗളൂരു : ജീര്‍ണിച്ച വീട്ടിനുള്ളില്‍ അഞ്ചംഗ കുടുംബത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം.
റിട്ട. പി.ഡബ്ലു.ഡി എൻജിനീയര്‍ ജഗന്നാഥ് റെഡ്ഡി (80), ഭാര്യ പ്രേമക്ക (72), മക്കളായ ത്രിവേണി (55), നരേന്ദ്ര (53) കൃഷ്ണ (51) എന്നിവരാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2019ല്‍ മരണം നടന്നതായാണ് പൊലീസിന്റെ നിഗമനം. എന്നാല്‍, ഒരു കുടുംബത്തിലെ എല്ലാവരും മരിച്ച് വര്‍ഷങ്ങളായിട്ടും അയല്‍ക്കാര്‍ പോലും അറിയാതിരുന്നത് അന്വേഷണ സംഘത്തെ അമ്ബരപ്പിച്ചിട്ടുണ്ട്.
ഉപേക്ഷിക്കപ്പെട്ടതായി തോന്നിക്കുന്ന കെട്ടിടത്തിലേക്ക് കടന്ന പ്രദേശവാസിയാണ് മറവ് ചെയ്യാത്ത നിലയില്‍ ഒരാളുടെ അസ്ഥികൂടം കണ്ടെത്തിയത്. ഇയാള്‍ വിവരം നല്‍കിയ മാധ്യമപ്രവര്‍ത്തകനാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹാവശിഷ്ടങ്ങള്‍ കൂടി കണ്ടെടുത്തത്. നാലുപേരുടേത് ഒരേ മുറിയിലാണ് കണ്ടെത്തിയത്. രണ്ടുപേരുടേത് ബെഡിലും മറ്റു രണ്ടുപേരുടേത് തറയിലുമായിരുന്നു കിടന്നിരുന്നത്.
സാധനങ്ങള്‍ വാങ്ങാൻ വല്ലപ്പോഴും ജഗന്നാഥ റെഡ്ഡി പുറത്തിറങ്ങുന്നതൊഴിച്ചാല്‍ മറ്റാരും വീടിന് പുറത്തിറങ്ങാറില്ലായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. അയല്‍ക്കാരുമായി ഇവര്‍ക്ക് ബന്ധവും ഉണ്ടായിരുന്നില്ല. 2019ലെ കലണ്ടറും അവസാനം അടച്ച വൈദ്യുതി ബില്ലുമെല്ലാം കണ്ടെത്തിയതോടെയാണ് മരണം നടന്നത് ആ വര്‍ഷമാണെന്ന നിഗമനത്തില്‍ പൊലീസിനെ എത്തിച്ചത്. ബില്ലടക്കാത്തതിനാല്‍ പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഫോറൻസിക് പരിശോധനയില്‍ മാത്രമേ കൂടുതല്‍ വ്യക്തത വരൂവെന്നും പൊലീസ് പറഞ്ഞു.
മരണകാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ആത്മഹത്യയോ കൊലപാതകമോ ആകാമെന്നാണ് പൊലീസ് പറയുന്നത്. ജഗന്നാഥിന് ഭാര്യയുടെ ചികിത്സക്കായി ലക്ഷങ്ങള്‍ ചിലവിടേണ്ടി വന്നിരുന്നു. ഇവരുടെ മറ്റൊരു മകനായ മഞ്ജുനാഥ് 2014ല്‍ മരിച്ചിരുന്നു. മറ്റു മൂന്ന് മക്കളും വിവാഹം കഴിച്ചിരുന്നില്ല. മരിച്ച അഞ്ച് പേര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും മറ്റുള്ളവരുമായി വല്ലപ്പോഴും സംസാരിച്ചിരുന്നത് ജനല്‍ വഴിയായിരുന്നെന്നും അയല്‍ക്കാര്‍ പറയുന്നു. 2019 ജൂലൈ മുതല്‍ വീട് പൂട്ടിയ നിലയിലായിരുന്നു.