ഇറാൻ പ്രസിഡന്റിന്റെ മരണം സംശയാസ്പദം; അന്വേഷണം തുടങ്ങി

May 20, 2024
57
Views

ദുബൈ | ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റൈസിയുടെ മരണത്തിനിടയാക്കിയ ഹെലിക്കോപ്റ്റർ അപകടം സംശയാസ്പദം. മൂന്ന് ഹെലിക്കോപ്റ്ററുകളിലായാണ് ഇബ്റാഹിം റൈസിയും സംഘവും അസർബൈജാൻ അതിർത്തിയിലേക്ക് പോയത്.

ഇതില്‍ റൈസിയുടെ ഹെലിക്കോപ്റ്റർ മാത്രമാണ് തകർന്നത്. അമേരിക്കൻ നിർമിത ബെല്‍ 212 ഹെലിക്കോപ്റ്ററാണിത്. മധ്യ പൗരസ്ത്യ മേഖലയില്‍ സംഘർഷം കനത്തു നില്‍ക്കുന്ന സാഹചര്യത്തില്‍, യാത്രക്ക് ഹെലിക്കോപ്റ്റർ ഉപയോഗിക്കാൻ തീരുമാനിച്ചിടത്തു തുടങ്ങുന്നു സുരക്ഷാ വീഴ്ച. പ്രതികൂല കാലാവസ്ഥയുമായിരുന്നു.

രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ പർവത പ്രദേശത്തു കൂടിയായിരുന്നു യാത്ര. ഇത് അപകട മേഖലയാണ്. വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ല ഹിയാൻ ,കിഴക്കൻ അസർബൈജാൻ ഗവർണർ മാലിക് റഹ്‌മതി, പ്രവിശ്യയുടെ ഇമാം മുഹമ്മദ് അലി അല്‍ ഹാശിം എന്നിവർ കൂടെയുണ്ടായിരുന്നു. അസർബൈജാൻ പ്രവിശ്യയിലെ ജോല്‍ഫക്കടുത്താണ് അപകടം. കൃത്യമായി പറഞ്ഞാല്‍ വർസാഗാൻ പട്ടണത്തിനടുത്തുള്ള ദിസ്മറിലെ സംരക്ഷിത വനമേഖലയില്‍. രക്ഷാ പ്രവർത്തകർ റോഡ് വഴിയാണ് അവിടേക്കെത്തിയത്.

റൈസിയും അസർബൈജാൻ പ്രസിഡന്റ് ഇല്‍ഹാം അലിയേവും ഒരു അണക്കെട്ട് പദ്ധതി നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.
ഇറാനും അസർബൈജാനും സൗഹൃദം പുലർത്തുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ക്കു താത്പര്യമുള്ള കാര്യമല്ല. ഇസ്റാഈലിന് വൈദ്യുതി നല്‍കുന്ന രാജ്യം കൂടിയാണ് അസർബൈജാൻ. ഇറാനും ഇസ്റാഈലിനും ഒരേ പോലെ തന്ത്ര പ്രധാന പ്രദേശമാണിത്.

സാംസ്കാരികമായി അസർബൈജാനു ഇറാനുമായാണ് അടുപ്പം. ഗസ്സയില്‍ ആക്രമണം നടത്തുന്നതിനൊപ്പം ഇസ്റാഈല്‍ ഇറാൻ നേതാക്കളെ ലക്ഷ്യം വെക്കാൻ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം സിറിയയില്‍ ഇറാൻ നയതന്ത്ര കാര്യാലയത്തില്‍ ഇസ്റാഈല്‍ ബോംബിട്ടു. സ്ഥാനപതി അടക്കം കൊല്ലപ്പെട്ടു. ഇതിനു പ്രതികാരമായി ഹോർമുസ് കടലിടുക്കില്‍ ഇസ്‌റാഈലിലേക്കു പോകുന്ന കപ്പലുകള്‍ ഇറാൻ തടഞ്ഞു. ഇതെല്ലാം സംഘർഷം രൂക്ഷമാക്കി.

ഇബ്റാഹിം റൈസി കൊല്ലപ്പെട്ട ഹെലിക്കോപ്റ്റർ അപകടം ” പ്രതികൂല കാലാവസ്ഥ കാരണം കഠിനമായ ലാൻഡിംഗ്” എന്നാണ് ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദിക്കു ലഭിച്ച പ്രാഥമിക വിവരമെങ്കിലും രാജ്യാന്തര ഗൂഡാലോചനയെക്കുറിച്ചുള്ള അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. അപകട മരണമായാലും കുറേകാലത്തേക്ക് സംശയവും അവിശ്വാസവും പുകഞ്ഞു നില്‍ക്കും.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *