തിരുവനന്തപുരം: മകൻ്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ, അന്തരിച്ച നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്ത രാവിലെ നെടുമങ്ങാട് ഡിവൈ എസ് പി ഓഫീസിൽ ഹാജരാകുകയായിരുന്നു. ജാമ്യം നൽകിയ ഹൈക്കോടതി ശാന്തയോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. കേസിൽ ശാന്തയുടെ മകൻ ഉണ്ണി രാജൻ പി ദേവിനെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു.
2021 മെയ് 12നാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ വട്ടപ്പാറ പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.