ശനിയാഴ്ച പ്രവർത്തി ദിവസമാക്കിയ തീരുമാനം; എതിർപ്പറിയിച്ച് അധ്യാപക സംഘടനകൾ

February 13, 2022
125
Views

ശനിയാഴ്ച പ്രവർത്തി ദിവസമാക്കിയ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ. തീരുമാനമെടുത്ത ശേഷം അധ്യാപക സംഘടനകളുടെ യോഗം വിളിക്കുന്നത് ശരിയായില്ലെന്നാണ് സംഘടനകൾ ആരോപിക്കുന്നത് . കെഎസ് ടി എ ഒഴികെയുള്ള അധ്യാപക സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്.
വൈകീട്ട് വരെ ക്ലാസ് നീട്ടുമ്പോൾ ശനിയാഴ്ച പ്രവർത്തി ദിവസമാക്കുന്നത് പിൻവലിക്കണമെന്ന് കോൺഗ്രസ് സംഘടന കെപിഎസ് ടി എ ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നുവെന്നാണ് സിപിഐ സംഘട എകെഎസ് ടിയുവിന്റെ പ്രതികരണം.സംസ്ഥാനത്ത് നാളെ മുതൽ സ്കൂളുകൾ തുറക്കുകയാണ്. നാളെ മുതൽ 9 വരെയുള്ള ക്ലാസുകൾ ഉച്ചവരെയായിരിക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇനി മുതൽ അവധി ദിവസങ്ങളൊഴികെ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടായിരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. 21 മുതൽ മുഴുവൻ ക്ലാസുകളും വൈകീട്ട് വരെയുണ്ടാകും.

10, 11, 12 ക്ലാസുകൾ ഫെബ്രുവരി 19 വരെ നിലവിൽ ഉള്ള പോലെ തുടരും. ഫെബ്രുവരി 21 മുതൽ ഒന്ന് – 12 ക്ലാസുകൾ വൈകുന്നേരം വരെ ക്ലാസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതു അവധി ഒഴികെ എല്ലാ ശനിയും പ്രവൃത്തി ദിവസം ആയിരിക്കുമെന്നും പറഞ്ഞു. എല്ലാ ക്ലാസുകളിലും ഇത്തവണ വാർഷിക പരീക്ഷകൾ ഉണ്ടാകും. എസ് എസ് എൽ സി,പ്ലസ് ടു മാതൃകാ പരീക്ഷ മാർച്ച് 16 ന് തുടങ്ങും.സ്കൂളിലെത്താൻ ബുദ്ധിമുട്ടുള്ളവരൊഴികെ ബാക്കിയുള്ളവരെല്ലാം സ്കൂളിലെത്തണമെന്നാണ് നിർദേശം. ഹാജർ നില പരിശോധിച്ച്, ക്ലാസിലെത്താത്തവരെ സ്കൂളിലേക്കെത്തിക്കാൻ അധ്യാപകർക്ക് ചുമതല നൽകി. യൂണിഫോമും തിരികെയെത്തുകയാണ്. കേന്ദ്രീയ വിദ്യാലയങ്ങളടക്കം എല്ലാ വിദ്യാലയങ്ങൾക്കും സർക്കാർ തീരുമാനം ബാധകമാണ്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *