ലോകത്തില്‍ മോശം വായുനിലവാര സൂചികയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്ത്.
ന്യൂഡല്‍ഹി: ലോകത്തില്‍ മോശം വായുനിലവാര സൂചികയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്ത്. സ്വിസ് ഗ്രൂപ്പായ ഐക്യു എയറിന്‍റെ കണക്കനുസരിച്ച് നിലവില്‍ ഡല്‍ഹിയിലെ മൊത്തം വായുനിലവാര സൂചിക (എഐക്യൂ) 483 ആണ്.
വായുമലിനീകരണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഈ മാസം 10 വരെ പ്രൈമറി സ്കൂളുകള്‍ക്ക് അവധി കൊടുക്കാൻ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായുമലിനീകരണം കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ, നേത്രരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിരവധി ആളുകളെ ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി നഗരത്തിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും പുറത്തിറങ്ങുന്നവര്‍ മാസ്ക് ധരിക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
തുടര്‍ച്ചയായ നാലാം ദിവസവും ഡല്‍ഹി നഗരം പുകമഞ്ഞിന്‍റെ പിടിയിലാണ്. വായുമലിനീകരണത്തോത് കുറയ്ക്കുന്നതിനായി വാഹനങ്ങള്‍ക്ക് നഗരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാനും നിര്‍ദേശമുണ്ട്. വായുഗുണനിലവാരം മെച്ചപ്പെട്ട നിലയിലെത്താൻ സമയമെടുക്കുമെന്നാണ് കമ്മീഷൻ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് പറയുന്നത്.
പഞ്ചാബിലും ഹരിയാനയിലും പാടത്തെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും കാറ്റിന്‍റെ വേഗം കുറഞ്ഞതുമാണ് ഡല്‍ഹിയിലെ വായുമലിനീകരണം ഉയരുന്നതിന് കാരണമായത്. സമീപ പ്രദേശങ്ങളായ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവടങ്ങളിള്‍ വായുമലിനീകരണം അപകടാവസ്ഥയിലാണ്. അതേസമയം വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനായി ഡല്‍ഹി കോര്‍പ്പറേഷൻ വിവിധയിടങ്ങളില്‍ ആന്‍റി സ്മോഗ് ഗണ്‍ ഉപയോഗിച്ച് വെള്ളം സ്പ്രേ ചെയ്യുണ്ട്. ഇതിനു പുറമെ വായു നിലവാരം നിരീക്ഷിക്കുന്നതിന് ആയിരത്തോളം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘങ്ങളെ കോര്‍പ്പറേഷൻ രൂപീകരിച്ചു.