ഡല്‍ഹി: രൂക്ഷമായ ജലക്ഷാമവുമായി ബന്ധപ്പെട്ട് ഡല്‍ഹി സർക്കാറിന്‍റെ ഹർജിയില്‍ അംഗ സംസ്ഥാനങ്ങളുടെ അടിയന്തര യോഗം ജൂണ്‍ അഞ്ചിന് വിളിച്ചുചേർക്കാൻ അപ്പർ യമുന റിവർ ബോർഡിനോട് സുപ്രീംകോടതി നിർദേശിച്ചു.
യോഗം ചേർന്ന് നടപടികളും നിർദേശങ്ങളുമടങ്ങുന്ന മിനിറ്റ്സ് ഡല്‍ഹിയുടെ ഹരജി പരിഗണിക്കുന്ന ജൂണ്‍ ആറിന് സമർപ്പിക്കണം. കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് നിർദേശിച്ചു. ജലക്ഷാമം രൂക്ഷമായിരിക്കെ യമുന നദി വഴി അർഹമായ പങ്ക് വെള്ളം വിട്ടുനല്‍കുന്നതില്‍ ഹരിയാന വീഴ്ചവരുത്തുന്നുവെന്ന് കാണിച്ച് ഡല്‍ഹി സർക്കാർ ഫയല്‍ ചെയ്ത റിട്ട് ഹരജിയിലാണ് നടപടി.
ജല ഉപഭോഗം നിയന്ത്രിക്കുന്നതടക്കം നടപടികള്‍ സ്വീകരിച്ചിട്ടും സ്ഥിതിഗതികള്‍ വഷളാവുകയാണെന്ന് ഹരജിയില്‍ പറയുന്നു. നേരത്തേ ഡല്‍ഹിക്ക് അധികജലം വിട്ടുനല്‍കാൻ ഹിമാചല്‍ പ്രദേശ് സന്നദ്ധത അറിയിച്ചിരുന്നു. ഇതടക്കം വെള്ളം ഡല്‍ഹിക്ക് ലഭിക്കണമെങ്കില്‍ അതിർത്തി പങ്കിടുന്ന ഹരിയാനയുടെ സഹകരണം ആവശ്യമാണ്. എന്നാല്‍, പ്രതിസന്ധി ഘട്ടത്തിലും ഹരിയാന കുറ്റകരമായ വീഴ്ച പുലർത്തുകയാണെന്നാണ് ഡല്‍ഹിയുടെ വാദം. ഏതാനും ആഴ്ചകളായി ഉഷ്ണതരംഗ ഭീഷണി നിലനില്‍ക്കുന്ന ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിലാണ്. വാട്ടർ എ.ടി.എമ്മുകളടക്കം പദ്ധതികള്‍ പ്രവർത്തിക്കുന്നുമില്ല. പരിമിതമായ ടാങ്കറുകളില്‍ എത്തിക്കുന്ന വെള്ളത്തിനായി മിക്കയിടത്തും മണിക്കൂറുകള്‍ നീളുന്ന വരികളാണ്. പ്രത്യേക കണ്‍ട്രോള്‍ റൂമടക്കം അടിയന്തര നടപടികള്‍ സജ്ജീകരിച്ച് പ്രതിസന്ധിയെ നേരിടാനുള്ള ശ്രമത്തിലാണ് സർക്കാർ. ജലദൗർലഭ്യം പ്രാദേശികതലത്തില്‍ പരസ്യപ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.