ഡെൽഹിയിലെ വായു മലിനീകരണം: ഗുരുതരമായ കൊറോണ കേസുകളിലേക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാമെന്ന് എയിംസ് ഡയറക്ടർ

November 6, 2021
156
Views

ന്യൂ ഡെൽഹി: ദീപാവലിക്ക് പിന്നാലെ ഡെൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായിരിക്കുകയാണ്. ഡെൽഹിയും പ്രാന്തപ്രദേശങ്ങളും കടുത്ത മൂടൽമഞ്ഞ് പോലുള്ള പുക കൊണ്ട് മൂടിയ നിലയിലാണ്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട കണക്ക് പ്രകാരം ഡെൽഹിയിലെ എല്ലാ വായുമലിനീകരണ നിരീക്ഷണകേന്ദ്രങ്ങളിലും വായു നിലവാര സൂചിക 450-ന് മുകളിലാണ്.

വായു മലിനീകരണം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഗുരുതരമായ കൊറോണ കേസുകളിലേക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാമെന്ന് എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ പറയുന്നു.

മലിനീകരണം ശ്വാസകോശാരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങളും ആസ്ത്മയും ഉള്ളവരിൽ. മലിനീകരണവും കൊറോണ യും ശ്വാസകോശത്തെ ബാധിക്കുന്നതിനാൽ ഉയർന്ന അളവിലുള്ള വായു മലിനീകരണം രോഗം വഷളാക്കിയേക്കാമെന്ന് എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഡോ. ഗുലേറിയ പറഞ്ഞു.

ഒക്‌ടോബർ, നവംബർ മാസങ്ങളിൽ വായുവിലെ കാറ്റിന്റെ ചലനം കുറവായതിനാലും പടക്കം പൊട്ടിക്കുന്നതിനാലും മലിനീകരണം അടിഞ്ഞുകൂടുമെന്നും അതിനാൽ മലിനീകരണ തോത് ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

ഈ കാലയളവിൽ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ മാത്രമല്ല പ്രശ്‌നം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുള്ള രോഗികൾ, പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, സി‌ഒ‌പി‌ഡി, അല്ലെങ്കിൽ ആസ്ത്മ രോഗികൾ എന്നിവരും ശ്വസന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുവെന്നും ഡോ. ഗുലേറിയ പറഞ്ഞു.

ഡാറ്റ സൂചിപ്പിക്കുന്നത് വായുവിൽ മലിനീകരണം ഉണ്ടാകുമ്പോൾ വൈറസ് കൂടുതൽ കാലം വായുവിൽ തങ്ങിനിൽക്കുകയും രോഗത്തെ വായുവിലൂടെ പകരുന്ന രോഗമായി മാറ്റുകയും ചെയ്യും. അതേസമയം വെെറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് വിശകലനം ചെയ്ത മറ്റ് ഡാറ്റയിൽ പറയുന്നത്, മലിനീകരണം ശ്വാസകോശത്തിൽ വീക്കത്തിന് കാരണമാകുമെന്ന് പറയുന്നു. മലിനീകരണവും കൊറോണ കൂടിച്ചേർന്നാൽ ഉയർന്ന മരണനിരക്കിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

വായുമലിനീകരണം കുട്ടികളുടെ ആരോഗ്യത്തിനും അപകടകരമാണ്. മലിനീകരണ തോത് ഉയർന്നപ്പോഴെല്ലാം, രോഗികൾ, പ്രത്യേകിച്ച് കുട്ടികൾ, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് പരാതിപ്പെട്ട് എമർജൻസി വാർഡുകളിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നുവെന്നും ഡോ. ഗുലേറിയ പറഞ്ഞു.

പ്രതിരോധ നടപടിയെന്ന നിലയിൽ ആളുകൾ മാസ്‌ക് ധരിക്കണമെന്നും പ്രത്യേകിച്ച് എൻ95 മാസ്‌കുകൾ ധരിക്കണമെന്നും മലിനീകരണ തോത് കൂടുതലുള്ള സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും ഡോ.ഗുലേറിയ നിർദ്ദേശിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *