ന്യൂ ഡെൽഹി: ആയിരകണക്കിന് പെൺകുട്ടികൾ പഠിക്കുന്ന ഡെൽഹി ഹൻസ് രാജ് കോളേജിൽ വനിതാ ഹോസ്റ്റലിനു പകരം ഗോശാല നിർമ്മിക്കുന്നതിന് എതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ഹോസ്റ്റൽ പണിത് നൽകാമെന്ന് ഉറപ്പ് നൽകിയ സ്ഥലത്താണ് ഇപ്പോൾ ഗോശാലയുളളത്.
കോളേജ് അടഞ്ഞു കിടന്ന കൊറോണ കാലത്താണ് ഗോശാല തുടങ്ങിയത്. ഗോശാലക്ക് പുറത്ത് COW SHELTER AND RESEARCH CENTER എന്ന ബോർഡുണ്ട്. പശുക്കളെ കുറിച്ച് പഠിക്കുന്ന ഒരു വിഭാഗം നിലവിൽ കോളേജിലില്ലാത്ത സ്ഥിതിക്ക് എന്തിനാണ് കാമ്പസിനകത്തൊരു ഗോശാല എന്നാണ് വിദ്യാർത്ഥികൾ ഉയർത്തുന്ന ചോദ്യം. വനിത ഹോസ്റ്റൽ വാഗ്ദാനം ചെയ്ത സ്ഥലത്ത് ഗോശാല പണിയുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
എന്നാൽ ആവശ്യത്തിന് ഫണ്ടില്ലാത്തതിനാലാണ് ഹോസ്റ്റൽ നിർമ്മിക്കാത്തതെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. അപ്പോഴും ഹോസ്റ്റലിന് മാറ്റി വച്ച സ്ഥലം ഗോശാലയ്ക്ക് നൽകിയതിന് വിശദീകരണമില്ല. സംഭവത്തിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒപ്പു ശേഖരണം തുടങ്ങിയിട്ടുണ്ട് വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ നടത്താനാണ് തീരുമാനം.